മാധ്യമങ്ങളുടെ ദിലീപ് ‘വധം’ വീണ്ടും പാളി, ഈ വിധി ദിലീപിനാണ് അനുകൂലമായത് !

ന്യൂഡല്‍ഹി : നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന മാധ്യമങ്ങള്‍ക്കും എ.ഡി.ജി.പി സന്ധ്യക്കുമാണ് സുപ്രീംകോടതി വിധിയിപ്പോള്‍ വലിയ തിരിച്ചടിയായിരിക്കുന്നത്. കാരണം പുറത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതല്ല യഥാര്‍ത്ഥ വസ്തുത, അത് വേറെയാണ്. ദിലീപിന് അനുകൂലവുമാണ്.

ഇതില്‍ പ്രധാനം മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിനോ അഭിഭാഷകനോ ഐ.ടി വിദഗ്ദനൊപ്പം നേരിട്ട് എത്രതവണയും പരിശോധിക്കാം എന്നതാണ്.

മജിസ്‌ട്രേറ്റ് മുന്‍പാകെ നല്‍കുന്ന അപേക്ഷയില്‍ ഒന്നില്‍ കൂടുതല്‍ തവണ പരിശോധിക്കാന്‍ കഴിയും. ദൃശ്യത്തില്‍ അപാകത കണ്ടാല്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ തന്നെ പരിശോധന നടത്താനും കഴിയും. അവിടെ സംസ്ഥാന പൊലീസിന് കാര്യമായ റോള്‍ ഉണ്ടാകുകയില്ല. ദിലീപ് ആഗ്രഹിക്കുന്നതും അതുതന്നെയാണ്.

മെമ്മറി കാര്‍ഡില്‍ കൃത്രിമ സംഭാഷണമുള്‍പ്പെടെ തെളിഞ്ഞാല്‍ പിന്നെ ഈ കേസ് തന്നെ വഴിതിരിവിലെത്തും. ദിലീപ് നിരപരാധിയായി പുറത്ത് വരുമെന്ന് മാത്രമല്ല, കുരുക്കിയവര്‍ ‘കുരുക്കിലാവുകയും’ ചെയ്യും. അത്തരമൊരു സാഹചര്യത്തിലാണ് യഥാര്‍ത്ഥത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയെകുറിച്ച് അന്വേഷിക്കേണ്ടി വരിക. ദിലീപിന്റെ അഭിഭാഷകര്‍ ലക്ഷ്യമിടുന്നതും അത്തരമൊരു സാഹചര്യത്തെതന്നെയാണ്.

ഈ കേസില്‍ സത്യസന്ധമായ അന്വേഷണം സി.ബി.ഐപോലുള്ള ഏജന്‍സികള്‍ നടത്തണമെന്ന നിലപാടാണ് ദിലീപിന്റെ അഭിഭാഷകര്‍ക്കുള്ളത്. ഇക്കാര്യത്തിന് മെമ്മറി കാര്‍ഡിലെ വിദഗ്ദ പരിശോധന തുണയാകുമെന്ന പ്രതീക്ഷയിലാണവര്‍.

വിചാരണ സമയത്ത് പ്രതിയുടെ ഭാഗം ഫലപ്രദമായി വാദിക്കുന്നതിന് ആവശ്യമെങ്കില്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം അഭിഭാഷകനോടും ഐടി വിദഗ്ദനോടുമൊപ്പം മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാവുന്നതാണെന്ന് കോടതി പറഞ്ഞത് അന്വേഷണ സംഘത്തെയും ഇപ്പോള്‍ ഞെട്ടിച്ചിട്ടുണ്ട്.

ദിലീപിന്റെ അപേക്ഷ ലഭിച്ചാല്‍ മജിസ്ട്രേറ്റ് ആ അപേക്ഷ യഥാക്രമം പരിഗണിക്കേണ്ടതും മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പുറത്തുപോകുന്നില്ല അല്ലെങ്കില്‍ പ്രതികള്‍ക്ക് ലഭിക്കാത്തവിധം സംവിധാനങ്ങളൊരുക്കി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കേണ്ടതാണെന്നുമാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.

‘If the accused or his lawyer himself, additionally, intends to
inspect the contents of the memory card/pen­drive in question,
he can request the Magistrate to provide him inspection in Court,
if necessary, even for more than once alongwith his lawyer and
I.T. expert to enable him to effectively defend himself during the
trial.’ . . . ഇതാണ് വിധിയിലെ പ്രസക്ത വാചകങ്ങള്‍.

കാള പെറ്റു എന്ന് കേട്ട മാത്രയില്‍ കയറെടുക്കാന്‍ ഓടിയ മാധ്യമങ്ങളാണ് ഇവിടെ ശരിക്കും
ഇളിഭ്യരായിരിക്കുന്നത്.

മാധ്യമ കാഴ്ചപ്പാടില്‍ സുപ്രീം കോടതി വിധി ദിലീപിന് തിരിച്ചടിയാണ്. അതല്ലങ്കില്‍ അങ്ങനെ പൊതു സമൂഹം കരുതണമെന്ന് അവര്‍ക്ക് വല്ലാതെ നിര്‍ബന്ധുണ്ട്. ഇതുവരെ ‘ചര്‍ദ്ദിച്ചതെല്ലാം വാരി വിഴുങ്ങാന്‍’ പറ്റാത്ത മനസികാവസ്ഥയിലാണ് ഇത്തരം നിലപാടുകളുമിപ്പോള്‍ വാര്‍ത്തയായിവരുന്നത്. സത്യത്തില്‍ ദിലീപ് ആഗ്രഹിച്ച വിധി തന്നെയാണ് സുപ്രീംകോടതിയില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. മെമ്മറി കാര്‍ഡ് പരിശോധനക്ക് വിധേയമാക്കുന്നതിന് വേണ്ടിയാണ് സുപ്രീംകോടതിവരെ ദിലീപ് നിയമയുദ്ധം നടത്തിയിരുന്നത്.

ദിലീപിന് കോടതിയല്ല യഥാര്‍ത്ഥത്തില്‍ മാധ്യമങ്ങളാണ് ഇതുവരെ ‘ശിക്ഷ’ വിധിച്ചിരുന്നത്. ആ ‘വിധി’യില്‍ നിന്നും പിന്നോട്ട് പോകാന്‍ ഇനി ദിലീപ് നിരപരാധിയായി പുറത്ത് വന്നാല്‍ പോലും ഇക്കൂട്ടര്‍ തയ്യാറാകണമെന്നുമില്ല. എന്നാല്‍ മാധ്യമ സ്ഥാപന ഉടമകളുടെ അവസ്ഥ അങ്ങനെയല്ല, വിചാരണ 6 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവിട്ടതില്‍ ചങ്കിടിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഈ ഉടമകള്‍ക്കാണ്.

മെമ്മറി കാര്‍ഡ് പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തുകയും ദിലീപ് കുറ്റവിമുക്തനാവുകയും ചെയ്താല്‍ ക്രിമിനലായും സിവിലായും കേസുകളെ നേരിടേണ്ട സാഹചര്യം ദിലീപിനെ വേട്ടയാടിയ മാധ്യമ സ്ഥാപനങ്ങള്‍ക്കുണ്ടാകും. ഇതേ അവസ്ഥ കേസന്വേഷിച്ച ഉദ്യോഗസ്ഥരും അഭിമുഖീകരിക്കേണ്ടി വരും.

മാധ്യമ വാര്‍ത്തകളല്ല തെളിവുകളാണ് വിചാരണ കോടതിയില്‍ വിധി നിര്‍ണ്ണയിക്കാന്‍ പോകുന്നത്. പ്രോസിക്യൂഷന് അത് കോടതി മുന്‍പാകെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലങ്കില്‍ ‘പണി’ പാളും. ക്രിമിനല്‍ ഗൂഢാലോചന തനിക്കെതിരെയാണ് നടന്നതെന്ന് സ്ഥാപിക്കാനായിരിക്കും വിചാരണ വേളയില്‍ ദിലീപിന്റെ അഭിഭാഷകരെല്ലാം ശ്രമിക്കുക.

മെമ്മറി കാര്‍ഡിലെ വിദഗ്ധ പരിശോധന വരും ദിവസങ്ങളില്‍ പ്രതിഭാഗത്തിനു മാത്രമല്ല വാദിഭാഗത്തിനും ഇനി ഒരു പോലെ നിര്‍ണ്ണായകമായാണ് മാറുക.

Top