ശപിക്കുന്നത് എങ്ങനെ ഗൂഢാലോചനയാകും? ദിലീപിന്റേത് ശാപവാക്കുകള്‍ മാത്രം; അഭിഭാഷകന്‍

കൊച്ചി: ദിലീപിന്റേത് ശാപവാക്കുകള്‍ മാത്രമാണെന്ന് അഭിഭാഷകന്‍. ഇവനൊക്കെ അനുഭവിക്കുമെന്ന് ശപിക്കുന്നത് എങ്ങനെ ഗൂഢാലോചനയാവുമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ വിചാരണ കോടതിയില്‍ ഹാജരാകാതിരിക്കാന്‍ ഉണ്ടാകുന്ന നാടകങ്ങളാണ് പുതിയ കേസ്. പൊതുബോധം അനുകൂലമാക്കാന്‍ ഗൂഢാലോചന നടത്തിയാണ് ബാലചന്ദ്രകുമാറിന്റെ അഭിമുഖം മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ബാലചന്ദ്രകുമാറിന്റെ മൊഴിയും ഗൂഢാലോചന കേസിലെ എഫ്.ഐ.ആറും തമ്മില്‍ വൈരുദ്ധ്യമുണ്ട്. മൊഴിയില്‍ പറഞ്ഞ പലതും എഫ്.ഐ.ആറില്‍ ഇല്ല. പൊലീസിന്റെ കൈവശമുള്ള ദൃശ്യങ്ങള്‍ ദിലീപിനെതിരെ ഉപയോഗിച്ചേക്കാം. 302ാം വകൂപ്പ് ചുമത്തിയത് വ്യക്തമായ തെളിവുകള്‍ ഇല്ലാതെയെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. നടിയെ അക്രമിച്ച കേസും അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസും എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്തമാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ പ്രഥമദൃഷ്ട്യ പ്രതികള്‍ ഗൂഢാലോചന നടത്തിയില്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. ബൈജു പൌലോസിന്റെ വിചാരണ വൈകിക്കുന്നത് കൊണ്ട് ഗുണം എന്താണെന്ന് കോടതി ആരാഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യാന്‍ ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപിനെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ട്. എല്ലാ തെളിവുകളും തുറന്ന കോടതിയില്‍ നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറുമെന്നാണ് സൂചന.

Top