നിരപരാധിത്വം തെളിയുംവരെ സംഘടനയില്‍ സജീവമാകില്ല ; അമ്മയ്ക്ക് ദിലീപിന്റെ കത്ത്

Dileep

കൊച്ചി: ‘അമ്മ’യിലേക്ക് തല്‍ക്കാലം തിരിച്ചുവരുന്നില്ലെന്ന് നടന്‍ ദിലീപ്. തന്നെ ‘അമ്മ’യില്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചെങ്കിലും തന്റെ നിരപരാധിത്വം തെളിയിക്കുംവരെ ഒരു സംഘടനയിലേക്കും തിരിച്ചുവരുന്നില്ലെന്ന് ദിലീപ് വ്യക്തമാക്കി.

തന്റെ പേരുപറഞ്ഞ് സംഘടനയെ അപമാനിക്കുന്നതില്‍ വിഷമമുണ്ടെന്നും ദിലീപ് അറിയിച്ചു. ദിലീപ് താരസംഘടനയായ അമ്മയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് വിവാദമായ സാഹചര്യത്തിലാണ് തന്റെ നിലപാട് അറിയിച്ചുകൊണ്ട് ദിലീപ് രംഗത്തുവന്നിരിക്കുന്നത്.

ദിലീപ് അമ്മയ്ക്കയച്ച കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ

ജനറൽ സെക്രട്ടറി അമ്മ
തിരുവനന്തപുരം

സർ,
കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറൽ ബോഡിയിൽ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാൻ എനിക്കു നോട്ടീസ്‌ നൽകാതെയും,എന്റെ വിശദീകരണം കേൾക്കാതെയും എടുത്ത അവയ്‌ലബിൾ എക്സിക്യൂട്ടീവിന്റെ മുൻ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാൻ ഇടയായി അതിൽ അമ്മ ഭാരവാഹികൾക്കും,സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു.
എന്നാൽ ഞാൻ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയിൽ പെടുത്തപ്പെട്ടിരിക്കുന്നതിനാൽ ഈ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും,ജനങ്ങൾക്കും മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കുo വരെ
ഒരുസംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല
‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തിൽ എഴുതിയ കത്തിൽ മുമ്പു് ഇത് ഞാൻ സൂചിപ്പിച്ചിരുന്നതാണ്
മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കൾക്ക് ആശ്രയമായി നിൽക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു
അമ്മയുടെ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നുകൊണ്ട്
ദിലീപ്
28/06/18
ആലുവ

Top