ഗൂഢാലോചനക്കേസിലെ എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കും: അഡ്വ.ബി.രാമൻപിള്ള

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതായി ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള.

കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകനായ ബി. രാമന്‍ പിള്ള. ഇതിനുള്ള അപേക്ഷ തയാറാക്കി വച്ചിട്ടുണ്ട്. നേരത്തെ തന്നെ കോടതിയില്‍ നല്‍കാനിരുന്നതാണ്. എന്നാല്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരുന്നതിനാലാണ് വൈകിയത്. ഇന്നോ, അടുത്ത ദിവസമോ തന്നെ കോടതിയില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ തെളിവ് ഇല്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി. അപ്പോള്‍ ദിലീപിനെ കുടുക്കാന്‍ ഉണ്ടാക്കിയ കള്ളക്കേസ് ആണിത്. പരിശോധിച്ച ഫോണില്‍ തെളിവില്ല.

പൂര്‍ണമായും കെട്ടിച്ചമച്ച കഥയാണ് ഗൂഢാലോചനക്കേസ്. പ്രതി ഓഡിയോ റെക്കോര്‍ഡ് ചെയ്‌തെന്നു പറയുന്ന ടാബില്ല, ലാപ്‌ടോപില്ല. കേസുണ്ടാക്കാന്‍ വേണ്ടി മനഃപൂര്‍വം ഉണ്ടാക്കിയതാണ് ഇവ. അന്വേഷണ ഉദ്യോഗസ്ഥനുമായി കൂടിച്ചേര്‍ന്ന് തയാറാക്കിയ തിരക്കഥയാണ് എല്ലാം. ഗൂഢാലോചനക്കേസില്‍ മൊബൈല്‍ ഫോണ്‍ പരിശോധിക്കേണ്ട കാര്യമില്ലാത്തതിനാലാണ് എതിര്‍ത്തത്. ഇതില്‍ ഫോണിന് ഒരു ബന്ധവുമില്ല.

ഗൂഢാലോചനാക്കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചശേഷം പ്രതികരിക്കുകയായിരുന്നു അഡ്വ.ബി.രാമന്‍പിള്ള.

 

Top