ദിലീപ് കേസ്; പ്രോസിക്യൂഷന് തെളിവില്ലേ ? കൂടുതൽ സമയം ആവശ്യപ്പെട്ടത് എന്തിന് ?

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

സമയം നീട്ടി നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി തീരുമാനം.

ദിലീപിനെതിരെ വേണ്ടത്ര തെളിവുകള്‍ പൊലീസിന് ശേഖരിക്കാന്‍ കഴിയാത്തതാണ് കേസ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടാന്‍
പ്രോസിക്യൂഷനെ പ്രേരിപ്പിച്ചതെന്നാണ് ദിലീപിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

ചൊവ്വാഴ്ചയ്ക്കകം കൂടുതല്‍ തെളിവുകല്‍ ലഭിക്കുകയാണെങ്കില്‍ അത് ഹൈക്കോടതിയില്‍ ഹാജരാക്കാനാണ് നീക്കം.

ദിലീപിനെങ്ങാനും ജാമ്യം കിട്ടിയാല്‍ കാര്യങ്ങള്‍ പിടിവിട്ടുപോകുമെന്നും പൊലീസിലെ ഉന്നതര്‍ക്ക് ഭയമുണ്ടത്രേ.

ഇത് രണ്ടാം തവണയാണ് ജാമ്യംതേടി നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്.

ആദ്യ ജാമ്യഹര്‍ജി തള്ളിയ സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും കൂടുതല്‍ തടങ്കല്‍ ആവശ്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്. അറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും സിനിമരംഗത്തെ ചിലര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ ആരോപണമുന്നയിച്ചാണ് ദിലീപിന്റെ ഹര്‍ജി.

സിനിമരംഗത്തെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയെത്തുടര്‍ന്ന് കെട്ടിച്ചമച്ച കേസാണിതെന്ന് ഹര്‍ജിയില്‍ പറയുന്നു. മാധ്യമങ്ങളെയും പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ മാസങ്ങളായി ദുരുദ്ദേശ്യത്തോടെ വ്യാജപ്രചാരണങ്ങള്‍ നടത്തിയാണ് അറസ്റ്റിലേക്കെത്തിച്ചത്.

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ ഒരിക്കലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഒളിവില്‍ പോയ ഡ്രൈവര്‍ അപ്പുണ്ണി, പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ എന്നിവരെ ചോദ്യം ചെയ്യാനായില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ആദ്യ ജാമ്യഹര്‍ജി തള്ളിയത്.

പണം ആവശ്യപ്പെട്ട് ജയിലില്‍ നിന്ന് പള്‍സര്‍ സുനി വിളിച്ച വിവരം 20 ദിവസങ്ങള്‍ക്കു ശേഷമാണ് ദിലീപ് പോലീസിനെ അറിയിച്ചത് എന്നതാണ് അറസ്റ്റിനു പ്രധാന കാരണമായി പോലീസ് നിരത്തിയത്. എന്നാല്‍, ഏപ്രില്‍ പത്താം തീയതി നാദിര്‍ഷയ്ക്ക് രണ്ടാമത്തെ കോള്‍ വന്നപ്പോള്‍ തന്നെ ഇതിന്റെ ശബ്ദരേഖയുള്‍പ്പെടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഈ വിവരം അറിയിച്ചിരുന്നതായി ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.

നടിയും ദിലീപിന്റെ മുന്‍ഭാര്യുമായ മഞ്ജു വാര്യര്‍ക്കും, എഡിജിപി ബി. സന്ധ്യക്കുമെതിരെ ജാമ്യാപേക്ഷയില്‍ ഗുരുതര ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. മഞ്ജുവും എഡിജിപിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും തന്നെ ചോദ്യം ചെയ്യുമ്പോള്‍ മഞ്ജുവിന്റെയും ശ്രീകുമാര്‍ മേനോന്റെയും കാര്യം പറഞ്ഞപ്പോള്‍ എഡിജിപി ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നെന്നും ജാമ്യാപേക്ഷയിലുണ്ട്.

Top