നടിയെ ആക്രമിച്ച കേസ്, ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കും.

ഇന്നലെ പ്രതിഭാഗം വാദം പൂര്‍ത്തിയായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട പ്രതിഭാഗത്തിന്റെ വാദത്തിന് ശേഷമാണ് ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കുന്നത്.

ദിലീപിന്റെ മൂന്നാമത്തെ ജാമ്യാപേക്ഷയാണ് ഹൈക്കോടതിയുടെ പരിഗണനയിലുളളത്.

കേസില്‍ അന്വേഷണ വിവരങ്ങളൊന്നും പൊലീസ് അറിയിക്കുന്നില്ലെന്നായിരുന്നു ദിലീപിന്റെ പരാതി. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒരു വിവരവും ഉള്‍പ്പെടുത്തുന്നില്ല. തനിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അറിയേണ്ടത് പ്രതിയുടെ അവകാശമാണെന്നും അഡ്വ. ബി. രാമന്‍പിളള വാദിച്ചു.

ക്രിമിനല്‍ പശ്ചാത്തലമുളള പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസന്വേഷണം നീങ്ങുന്നതെന്നും ഗൂഢാലോചന നടത്തിയതിന് ദിലീപിനെതിരേ തെളിവില്ലെന്നും സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

ഈ വാദങ്ങളെ ഖണ്ഡിക്കുന്ന പ്രതിവാദങ്ങളാകും ഇന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നടത്തുക. മാത്രമല്ല, കേസിന്റെ അന്വേഷണ പുരോഗതിയും പ്രോസിക്യൂഷന്‍ അറിയിക്കും. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് അന്വേഷണസംഘം.

Top