‘അമ്മയെ’ എതിർത്ത ‘പൊന്നുമക്കളെ’ പടിക്ക് പുറത്താക്കാൻ അണിയറയിൽ കരുനീക്കം . . !

MANJU WARRIER

കൊച്ചി: താരസംഘടനയായ അമ്മയുടെ നിലപാടുകളെ വെല്ലുവിളിച്ച വനിതാ താരസംഘടന(ഡബ്ലിയു.സി.സി) അംഗങ്ങള്‍ക്കൊപ്പം അഭിനയിക്കില്ലന്ന് തീരുമാനമെടുക്കണമെന്ന് ‘അമ്മയില്‍’വികാരം.

അമ്മ സംഘടന ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ വെല്ലുവിളിച്ച് പൊതുസൂഹത്തില്‍ മോശം പ്രതിച്ഛായ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന എല്ലാവരെയും സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന കടുത്ത നിലപാടിലാണ് ഭൂരിപക്ഷ അംഗങ്ങള്‍.

അമ്മയുടെ യോഗത്തില്‍ പങ്കെടുത്ത് അഭിപ്രായം പറയാതെ ഫെയ്‌സ് ബുക്കിലൂടെ പ്രതികരിക്കുന്ന ഡബ്ല്യൂ.സി.സി അംഗങ്ങളെ ഒരു നിമിഷം പോലും സംഘടനയില്‍ വെച്ച് പൊറിപ്പിക്കരുതെന്നും അടുത്ത എക്‌സിക്യുട്ടീവില്‍ തന്നെ വിശദീകരണം ചോദിച്ച് നടപടി സ്വീകരിക്കണമെന്നും ഒരു വിഭാഗം നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

DILIP

എക്‌സിക്യുട്ടീവ് യോഗത്തില്‍ വനിതാ അംഗങ്ങള്‍ തന്നെ വിഷയം ഉന്നയിക്കുമെന്നാണ് സൂചന.

ദിലീപിനെ പുറത്താക്കിയത് തന്നെ സംഘടനാപരമായി നില നില്‍ക്കാത്ത കാര്യമായതിനാലാണ് അദ്ദേഹത്തെ തിരിച്ചെടുത്തതെന്നും കോടതി കുറ്റക്കാരനാണെന്ന് വിധിക്കാതെ സംഘടനക്ക് എങ്ങനെ കുറ്റക്കാരനായി കാണാന്‍ കഴിയുമെന്നുമാണ് അമ്മ ഭാരവാഹിയായ പ്രമുഖ നടന്‍ പ്രതികരിച്ചത്.

ഏതാനും ചില വനിതാ സിനിമാ പ്രവര്‍ത്തകര്‍ എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ വാര്‍ത്തയാക്കി വിവാദമാക്കാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകരോട് സഹതപിക്കുകയേ നിവൃത്തിയൊള്ളൂവെന്നും അമ്മ നേതൃത്വം വ്യക്തമാക്കി.

‘പുരക്ക് മീതെ പൊന്നു കായ്ക്കുന്ന മരമാണെങ്കിലും അതിനെ വെട്ടിമാറ്റണമെന്ന’ പഴമൊഴി ആവര്‍ത്തിച്ചാണ് ഡബ്ലിയു.സി.സി നിലപാടിനെതിരെ താരങ്ങള്‍ ഇപ്പോള്‍ ആഞ്ഞടിക്കുന്നത്.

നാളെ കോടതി ദിലീപിനെ വെറുതെ വിട്ടാല്‍ ഇപ്പോള്‍ അമ്മയോട് അക്കമിട്ട് ചോദ്യങ്ങള്‍ ചോദിച്ചവര്‍ പറഞ്ഞത് വിഴുങ്ങിയിട്ട് കാര്യമുണ്ടോ എന്നും താരങ്ങള്‍ ചോദിക്കുന്നു.

DILIP

ജനറല്‍ ബോഡി യോഗത്തില്‍ വന്ന് ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ ധൈര്യമില്ലാത്തവര്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട് കളിക്കുകയാണെന്ന് നടിമാരും പരിഹസിച്ചു.

കഴിഞ്ഞ ദിവസം നടന്ന ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രൂക്ഷമായി പ്രതികരിച്ച് വനിതാ സിനിമാ സംഘടനാ പ്രവര്‍ത്തകര്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. അവരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിലെ വാചകങ്ങള്‍ ആരുടേതാണ് എന്ന് വ്യക്തമായി അറിയാമെന്നും ഉദ്ദേശം വ്യക്തമാണെന്നും ‘അമ്മ’ ഭാരവാഹികള്‍ വ്യക്തമാക്കി.

ഡബ്ലിയൂ.സി.സിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ:

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ അമ്മയുടെ ജനറല്‍ ബോഡി തീരുമാനിച്ചതായി വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കില്‍

വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ചില കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു.

1,അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?

2. സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചെടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?

3. ബലാല്‍സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുമ്പ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?

4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?

5. ഇപ്പോള്‍ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങള്‍ ചെയ്യുന്നത്?

6. ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നല്‍കുക?

7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നു. ണഇഇഅവള്‍ക്കൊപ്പം.

റിപ്പോര്‍ട്ട്: എം. വിനോദ്‌

Top