ദിലീപിനെ തെളിവെടുപ്പിനായി തൃശൂരിലേയ്ക്ക് കൊണ്ടു പോയി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ തെളിവെടുപ്പിനായി തൃശൂരിലേയ്ക്ക് കൊണ്ടു പോയി.

കൂടുതല്‍ തെളിവെടുപ്പുകള്‍ക്കായി ദിലീപിനെ ഹോട്ടല്‍ ഗരുഡയിലും ജോയ്‌സ് പാലസിലും എത്തിച്ചു.

പുഴയ്ക്കലിലെ കിണറ്റിങ്കല്‍ ടെന്നിസ് അക്കാദമിയില്‍ പൊലീസ് സംഘം ദിലീപുമായി എത്തിച്ചേരും.

കസ്റ്റഡിയില്‍ ലഭിച്ചതിനു പിന്നാലെ, കഴിഞ്ഞ ദിവസം തന്നെ പൊലീസ് തെളിവെടുപ്പ് ആരംഭിച്ചിരുന്നു. തെളിവെടുപ്പിനു മുന്നോടിയായി ദിലീപിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.

ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന് പൊലീസ് കണ്ടെത്തിയ തൊടുപുഴ ശാന്തിഗിരി കോളജിനു സമീപമുള്ള ഷൂട്ടിങ് ലൊക്കേഷനിലാണ് കഴിഞ്ഞ ദിവസം ആദ്യം തെളിവെടുപ്പ് നടത്തിയത്.

‘ജോര്‍ജേട്ടന്‍സ് പൂരം’ ചിത്രീകരണവേളയില്‍ 2016 നവംബര്‍ 13നു തൃശൂര്‍ ടെന്നിസ് ക്ലബ്ബില്‍ നിര്‍ത്തിയിട്ട കാരവന്‍ വാഹനത്തിന്റെ മറവില്‍ ദിലീപും സുനിയും സംസാരിക്കുന്നതു കണ്ടെന്ന സാക്ഷിമൊഴിയുണ്ടായിരുന്നു.

വെള്ളിയാഴ്ച്ച രാവിലെ 11 ന് കോടതിയില്‍ വീണ്ടും ഹാജരാക്കേണ്ടതിനാല്‍ അതിനു മുന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

Top