തന്നെ കുടുക്കിയതില്‍ ബഹ്‌റയ്ക്കും സന്ധ്യയ്ക്കും പങ്ക് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തന്നെ കുടുക്കിയതില്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്കും എ.ഡി.ജി.പി ബി സന്ധ്യയ്ക്കും പങ്കുണ്ടെന്ന് നടന്‍ ദിലീപ്.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഈ ആരോപണം.

ആവശ്യം ഉന്നയിച്ച് രണ്ടാഴ്ച മുമ്പാണ് ആഭ്യന്തര സെക്രട്ടറിക്ക് ദിലീപ് കത്ത് നല്‍കിയിരുന്നത്.

തനിക്കെതിരെ വ്യാജ രേഖയുണ്ടാക്കി കുടുക്കിയെന്നും കത്തില്‍ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു.

നിലവില്‍ കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ മാറ്റി നിര്‍ത്തി അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങുമെന്നും കത്തില്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത കാര്യം സമയബന്ധിതമായി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു. ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പൊലീസിനെ അങ്ങോട്ട് അറിയിച്ചത്. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും താന്‍ പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ ഇതെല്ലാം മറച്ചുവച്ച് തന്നെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിച്ചത്.

റൂറല്‍ എസ്.പി എവി ജോര്‍ജ്, ക്രൈബ്രാഞ്ച് എസ്പി സുദര്‍ശന്‍, ഡിവൈഎസ്പി സോജന്‍ വര്‍ഗ്ഗീസ്, ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും കത്തില്‍ ദിലീപ് പറയുന്നുണ്ട്.

Top