സി.ബി.ഐ അന്വേഷണം വേണമെന്ന് ദിലീപ്, ഞെട്ടിയത് കേരള പൊലീസ് !

കൊച്ചി: വധശ്രമ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അസാധാരണ കേസ് അല്ലെന്ന് ഹൈക്കോടതി. ഒരു സാധാരണ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയായ് മാത്രം കേസ് പരിഗണിച്ചാല്‍ മതിയെന്നും, മാധ്യമ വിചാരണയില്‍ വീഴരുതെന്നും പ്രതിഭാഗവും പ്രോസിക്യൂഷനും ഒരേ സ്വരത്തിലാണ് അവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, കേസുമായി ബന്ധപ്പെട്ടു മാധ്യമങ്ങള്‍ എല്ലാവരെയും സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും, ഇതൊരു അസാധാരണ കേസ് ആയി പരിഗണിക്കേണ്ടതല്ലെന്നും ജസ്റ്റിസ് പി ഗോപിനാഥ് നിരീക്ഷിച്ചൂ. കേസിലെ മുഴുവന്‍ വസ്തുതകളും വിലയിരുത്തി ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യാപേക്ഷ വൈകിപ്പിച്ച ഓരോ ദിവസവും പോലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം. പ്രതികളുടെ അറസ്റ്റ് വൈകുന്നത്തിലൂടെ തെളിവുകള്‍ നശിപ്പിക്കപ്പെടുകയാണെന്നു പ്രോസിക്യൂഷനും ആരോപിക്കുകയുണ്ടായി.

കേരളത്തിലെ ഒരു പ്രതിക്കും കിട്ടാത്ത പരിഗണനയാണ് പ്രതികള്‍ക്ക് ലഭിക്കുന്നത്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിനു മാത്രമല്ല സ്വാഭാവിക ജാമ്യത്തിന് പോലും അര്‍ഹതയില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കസ്റ്റഡിയില്‍ വിചാരണ നടത്തേണ്ട കേസ് ആണ് ഇതെന്നും, ഡിജിപി ടി എ ഷാജി ചൂണ്ടിക്കാട്ടി. കോടതി നിര്‍ദേശിച്ച പ്രകാരം എല്ലാ ഫോണുകളും ഹാജരാക്കാത്തതിനാല്‍ അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള വിലക്ക് നീക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, കേസ് കെട്ടിച്ചമച്ചതാണെന്നും സി.ബി.ഐ അന്വേഷണത്തിന് പ്രത്യേക ഹര്‍ജി സമര്‍പ്പിക്കുമെന്നും, ദിലീപിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍ പിള്ള കോടതിയില്‍ വ്യക്തമാക്കി. പ്രോസിക്യൂഷനെ പോലും അമ്പരിപ്പിച്ച നീക്കമായിരുന്നു ഇത്. സി.ബി.ഐ അന്വേഷണ ആവശ്യത്തിന്‍മേല്‍ സി.ബി.ഐ അഭിഭാഷകന്‍ അനുകൂല നിലപാട് സ്വീകരിക്കുക കൂടി ചെയ്താല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വധശ്രമ ഗൂഢാലോചന കേസ് ഹൈക്കോടതി സി.ബി.ഐക്ക് വിടാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചന കേസ് കേരള പൊലീസ് അന്വേഷിക്കുന്നത് തന്നെ അനുചിതമാണെന്ന അഭിപ്രായമാണ് നിയമ വിദഗ്ദര്‍ക്കും ഉള്ളത്.

മാത്രമല്ല, ഈ കേസ് അന്വേഷിക്കുന്നത് നിലവില്‍ ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ്. ഈ യൂണിറ്റിനു കീഴിലെ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് ദിലീപിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. സി.ബി.ഐ അന്വേഷണ ഹര്‍ജി വന്നാല്‍ ഇക്കാര്യവും ഹൈക്കോടതിക്ക് പരിഗണിക്കേണ്ടി വരും.

മാധ്യമങ്ങളാണ് കേസ് അന്വേഷണത്തെ നിയന്ത്രിക്കുന്നതെന്നും, അവ സമാന്തര കോടതികളായി പ്രവര്‍ത്തിക്കുകയാണെന്നുമുള്ള ഗുരുതര ആരോപണവും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് കോടതി ഇനി പരിഗണിക്കുക. ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുന്ന കാര്യത്തിലും ഹൈക്കോടതി അന്നു തന്നെ തീരുമാനമെടുക്കും. ഇതിനു ശേഷമായിരിക്കും സി.ബി.ഐ അന്വേഷണ കാര്യത്തില്‍ ദിലീപ് നിലപാട് വ്യക്തമാക്കുക.

Top