ദിലീപ് ചിത്രം ശുഭരാത്രി ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തും

കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് ശുഭരാത്രി.ചിത്രം ജൂലൈയില്‍ റിലീസിനെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ വിവരം. ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തുന്നത് അനുസിത്താര ആണ്. ചിത്രത്തില്‍ ദിലീപിന്റെ ഭാര്യാ വേഷമാണ് അനുസിത്താരയുടേത്.

അയാള്‍ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കെ.പി. വ്യാസന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും വ്യാസന്റേതാണ്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

നീണ്ട പതിനാല് വര്‍ഷത്തിന് ശേഷം നാദിര്‍ഷ അഭിനയരംഗത്തേയ്ക്ക് എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. സിദ്ദിഖും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സിദ്ദിഖിന്റെ മകന്റെ വേഷത്തിലാണ് നാദിര്‍ഷ എത്തുന്നത്.

നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, വിജയ് ബാബു, മണികണ്ഠന്‍, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

അബ്ബാം മൂവീസിന്റെ ബാനറില്‍ അരോമ മോഹന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് ബിജിപാലാണ്.

Top