പൊലീസിന്റെ വാദം പൊളിയുന്നു ; സുനി വിളിച്ചത് ബഹ്‌റയെ അറിയിച്ചിരുന്നു എന്ന് ദിലീപ്‌

കൊച്ചി: പള്‍സര്‍ സുനി ജയിലില്‍ നിന്ന് വിളിച്ച വിവരം അന്ന് തന്നെ പൊലീസ് മേധാവി ലോകനാഥ ബെഹ്‌റയെ അറിയിച്ചിരുന്നു എന്ന് ദിലീപ്.

ബെഹ്‌റയുടെ പേഴ്‌സണല്‍ നമ്പരില്‍ വിളിച്ച് പറയുകയും, സുനിയുമായുള്ള ഫോണ്‍ സംഭാഷണം അടക്കം ബെഹറയ്ക്ക് വാട്ട്‌സ് ആപ്പ് ചെയ്തിരുന്നു എന്നും ജാമ്യാപേക്ഷയില്‍ ദിലീപ് പറയുന്നു.

ഏപ്രില്‍ 10നാണ് ബെഹ്‌റയെ വിളിച്ചതെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരിക്കുന്നു.

ഇതിനെത്തുടര്‍ന്ന് സുനി വിളിച്ചത് ദിലീപ് മറച്ചു വെച്ചെന്ന പൊലീസിന്റെ വാദം പൊളിഞ്ഞിരിക്കുകയാണ്.

സിനിമയിലെ പ്രബലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും, മാധ്യമങ്ങളെയും ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഇവര്‍ സ്വാധീനിച്ചുവെന്നും, പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ലെന്നും ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു.

അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചു, ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായി ചിത്രങ്ങള്‍ പ്രതിസന്ധിയിലായി, അന്‍പതു കോടിയോളം രൂപ ഇതിനായി മുടക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

അഡ്വ. രാമന്‍ പിള്ളയാണ് ദിലീപിനായി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ദിലീപിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

Top