അഗ്നിപരീക്ഷണങ്ങൾക്കൊടുവിൽ അവൻ ഇറങ്ങി, ആവേശത്തോടെ ആരാധകർ . .

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞ ജനപ്രിയ നടന് ജയില്‍ മോചനം.

കേസില്‍ ദിലീപിന് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

ദിലീപിനെ മോചിപ്പിക്കാനുള്ള അങ്കമാലി മജിസ്‌ട്രേറ്റിന്റെ ഉത്തരവുമായി സഹോദരന്‍ അനൂപാണ് ആലുവ സബ്ജയിലിലെത്തിയത്.

സോപാധിക ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 35 പേജുള്ള ജാമ്യഹര്‍ജിയാണ് ദിലീപ് സമര്‍പ്പിച്ചിരുന്നത്.

അന്വേഷണം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. ഗൂഢാലോചനക്കേസ് ആയതിനാല്‍ ഇനി ജയിലില്‍ തുടരേണ്ടതില്ലെന്നും കോടതി അറിയിച്ചു.

ജസ്റ്റിസ് സുനില്‍ തോമസാണ് വിധി പറഞ്ഞത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന വാദവും കോടതി അംഗീകരിച്ചു.

85 ദിവസത്തിന് ശേഷമാണ് ദിലീപ് പുറത്തിറങ്ങിയത്.

താരത്തെ സ്വീകരിക്കാന്‍ ആരാധകരും സിനിമാക്കാരും ഉള്‍പ്പെടെ പതിനായിരങ്ങളാണ് ആലുവ ജയിലിന്റെ പുറത്ത് അക്ഷമരായി കാത്തു നിന്നിരുന്നത്.

ആരാധകരെ നിയന്ത്രിക്കാന്‍ പോലീസുകാരും നന്നേ പണിപെടുന്നുണ്ടായിരുന്നു.

മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും വലിയ കട്ടൗട്ട് പ്രദര്‍ശിപ്പിച്ചും കട്ടൗട്ടിന് മുന്നില്‍ പാലഭിഷേകം ചെയ്തുമാണ് ആരാധാകര്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്. തുടര്‍ന്ന് പടക്കം പൊട്ടിച്ചും ദിലീപിന് അനുകൂലമായ മുദ്രാവാക്യം വിളിച്ചും ആരാധാകര്‍ തങ്ങളുടെ താരത്തിന്റെ മോചനം ഏറെ ആഘോഷമാക്കി.

വൈകാരികമായ രംഗങ്ങളാണ് ജയിലിന് മുന്നില്‍ അരങ്ങേറിയത്.

ആരാധാകര്‍ക്ക് പുറമെ ചലച്ചിത്ര പ്രവര്‍ത്തകരായ ധര്‍മജന്‍ ബോള്‍ഗാട്ടി, സംവിധായകന്‍ കലാഭവന്‍ അന്‍സാര്‍ എന്നിവരും സ്ഥലത്തെത്തി ആരാധകര്‍ക്കൊപ്പം ചേര്‍ന്നു.

സുഹൃത്തും നടനുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുള്‍പ്പെടെയുള്ളവര്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സന്തോഷം പങ്കുവെച്ചത്.

Top