നടിയെ ആക്രമിച്ച കേസ്; വിചാരണ തീരുന്നതു വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയിലെ വിചാരണ തീരുന്നതു വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. കേസ് ഇന്ന് പരിഗണിക്കുമ്പോള്‍ സുപ്രീംകോടതിയിലാണ് സംസ്ഥാനസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ഇക്കാര്യത്തില്‍ പ്രതിഭാഗവുമായി നേരത്തെ തന്നെ ധാരണയായതാണെന്നും വിചാരണക്കോടതിയെ ഈ വിവരം നാളെ തന്നെ അറിയിക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞു. കേസ് വാദം തുടങ്ങുന്നത് മാറ്റണമെന്ന് വിചാരണ കോടതിയോട് ആവശ്യപ്പെടുമെന്നും സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിട്ടുണ്ട്.

വിചാരണ കോടതിയില്‍ കുറ്റം ചുമത്തുന്ന നടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് ദിലീപ് വീണ്ടും സുപ്രീംകോടതിയിലെത്തിയത്. കേസില്‍ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നാണ് ദിലീപിന്റെ വാദം.

കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു. സുപ്രീംകോടതിയിലെ കേസില്‍ തീരുമാനം ഉണ്ടാകുന്നതുവരെ കുറ്റം ചുമത്തില്ലെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വാക്കാല്‍ കോടതിയെ അറിയിച്ചിരുന്നു. ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗി ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

Top