നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്‍റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ നല്‍കിയ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീലുമായി ദിലീപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

കേസില്‍ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല പ്രതിയാക്കിയതെന്ന് ഹര്‍ജിയില്‍ ദിലീപ് പറയുന്നു. പോലീസ് അന്വേഷണം നിഷ്പക്ഷമായിരുന്നില്ലെന്നും, സത്യാവസ്ഥ പുറത്തു വരാന്‍ സംസ്ഥാന പോലീസിന് പുറത്തുള്ള സിബിഐ പോലുള്ള ഏജന്‍സികള്‍ കേസ് അന്വേഷിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്.

ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുന്നത് വരെ സിബിഐ പ്രത്യേക കോടതിയില്‍ തുടങ്ങിയ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ദിലീപ് ആവശ്യപ്പെടുന്നുണ്ട്.

നേരത്തേ കേസില്‍ വനിതാ ജഡ്ജി വേണ്ട എന്നും, കേസ് പരിഗണിക്കാന്‍ പ്രത്യേക കോടതി ആവശ്യമില്ല എന്നും കാണിച്ച് ദിലീപ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു. നടിയുടെ ആവശ്യപ്രകാരം കേസ് പരിഗണിക്കാന്‍ പ്രത്യേക കോടതി അനുവദിച്ച ഹൈക്കോടതി, വിചാരണയ്ക്ക് വനിതാ ജഡ്ജിയെയും നിയോഗിച്ചിരുന്നു.

Top