ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രം ‘പറക്കും പപ്പന്‍ ‘; പോസ്റ്റര്‍ കാണാം

ദിലീപ് നായകനായെത്തുന്ന പറക്കും പപ്പന്റെ പോസ്റ്റര്‍ പുറത്തുവിട്ടു . തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ദിലീപ് തന്നെയാണ് പുതിയ സിനിമയുടെ പേരും പോസ്റ്ററും പുറത്തുവിട്ടത്. കാര്‍ണ്ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ദിലീപിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഗ്രാന്റ് പ്രൊഡക്ഷനും തമ്മിലുള്ള സംയുക്ത നിര്‍മ്മാണ സംരംഭത്തിലെ ആദ്യ ചിത്രമായ ‘പറക്കും പപ്പന്‍’ സംവിധാനം ചെയ്യുന്നത് വിയാന്‍ വിഷ്ണു ആണ്.

ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഒരു നാടന്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണിതെന്നാണ് പോസ്റ്ററില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.

ഇപ്പോള്‍ ദിലീപ് അഭിനയിച്ചു വരുന്നത് ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’, രാമചന്ദ്രന്‍ ബാബു സംവിധാനം ചെയ്യുന്ന ‘പ്രൊഫസര്‍ ഡിങ്കന്‍’ എന്നീ ചിതങ്ങളിലാണ്. ഇതില്‍ ‘പ്രൊഫസര്‍ ഡിങ്കന്‍’ ത്രീ ഡി ഫോര്‍മാറ്റില്‍ ഉള്ള ഒരു ചിത്രമാണ്. ഒരു ഇന്ദ്രജാലക്കാരന്റെ വേഷത്തിലാണ് ദിലീപ് ഈ ചിത്രത്തില്‍ എത്തുന്നത്. നമിത പ്രമോദാണ് ‘പ്രൊഫസര്‍ ഡിങ്ക’നിലെ നായിക. പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രൊഫസര്‍ ഡിങ്കന്‍’. ‘ടൂ കണ്‍ട്രീസി’ന്റെ വിജയ ശേഷം ദിലീപും തിരക്കഥാകൃത്ത് റാഫിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ‘പ്രൊഫസര്‍ ഡിങ്ക’ന്.

Top