നടൻ ദിലീപ് സുപ്രീം കോടതിയെ സമീപിക്കും, സി.ബി.ഐ അന്വേഷണം പ്രധാന ആവശ്യം

ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ക്രൈംബ്രാഞ്ച് കേസിൽ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയിലേക്ക്. രാജ്യത്തിന്റെ മുൻ അറ്റോർണി ജനറലും, സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനുമായ മുകൾ റോത്തഗി ഹാജരാകുമെന്നാണ് സൂചന.

അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കുകയോ, സി.ബി.ഐ അന്വേഷണത്തിനു ഉത്തരി വിടുകയാ വേണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ്, സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനം. ഇക്കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകർ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.ഹൈക്കോടതി സിംഗിൾ ബെഞ്ചിലെ ജസ്‌റ്റിസ്‌ സിയാദ്‌ റഹ്മാനാണ് ദിലീപിന്റെ ഹർജി തള്ളിയിരിക്കുന്നത്. കേസിൽ ക്രൈംബ്രാഞ്ചിനു അന്വേഷണം തുടരാമെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് എട്ടാം പ്രതിയാണ്‌. ആ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥർക്കെതിരെ വധഗൂഢാലോചന നടന്നുവെന്ന ‌സം‌വിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് കേസെടുത്തിരുന്നത്. എസ്.പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നിരുന്നത്.
വധഗൂഢാലോചന കേസിൽ ജാമ്യം ലഭിച്ചശേഷം ആണ്‌ കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ദിലീപ്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നത്‌. കേസ്‌ റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന ദിലീപിന്റെ ആവശ്യം കൂടി ഹൈക്കോടതി തള്ളിയത് ക്രൈംബ്രാഞ്ചിനെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.

കേസ്‌ റദ്ദാക്കണമെന്ന ആവശ്യത്തെ ശക്തമായാണ് പ്രോസിക്യൂഷൻ എതിർത്തിരുന്നത്. ദിലീപിനെതിരെ നിരവധി ശബ്‌ദരേഖകളും തെളിവായി ക്രൈംബ്രാഞ്ച്‌ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ദിലീപിന്റെ മൊബെൽ ഫോണുകളിൽനിന്ന്‌ നിരവധി ഡാറ്റകൾ നശിപ്പിച്ചതിലും നിലവിൽ അന്വേഷണം തുടരുകയാണ്‌.

ഗുരുതരമായ ആരോപണമാണ് ദിനംപ്രതി ദിലീപിനും കൂട്ടുപ്രതികൾക്കും അവരുടെ അഭിഭാഷകർക്കും എതിരെ പോലും മാധ്യമങ്ങൾ പുറത്തു വിടുന്നത്. എന്നാൽ ഇതെല്ലാം ചില മാധ്യമങ്ങളുമായി ക്രൈംബ്രാഞ്ച് ഒരുക്കുന്ന ‘തിരക്കഥ’യാണെന്നാണ് ദിലീപ് കേന്ദ്രങ്ങൾ ആരോപിക്കുന്നത്. ഹൈക്കോടതി വിധി വരുന്നതിനു മുൻപ് ദിലീപിനെതിരെ പുകമറ സൃഷ്ടിക്കാനാണ് ഇക്കൂട്ടർ ശ്രമിച്ചതെന്നാണ് അവരുടെ വാദം. ഈ ‘സമ്മർദ്ദം ‘ സുപ്രീംകോടതിയിൽ വിലപ്പോകില്ലന്നതിനാൽ, സി.ബി.ഐ അന്വേഷണത്തിന് ഇനിയും സാധ്യത ഉണ്ടെന്നാണ് വാദം. ഹൈക്കോടതിയിൽ നിന്നും ഉത്തരവിന്റെ പകർപ്പ് കൈപ്പറ്റിയ ശേഷം ഉടൻ തന്നെ സുപ്രീംകോടതിയെ സമീപിക്കാനാണ് അഭിഭാഷകർ നീക്കം നടത്തുന്നത്.

Top