Dileep-Kavya Madhavan Marriage

കൊച്ചി: എറണാകുളം കലൂരിലെ വേദാന്ത ഹോട്ടലില്‍ വെച്ചുനടന്ന ചടങ്ങില്‍ കാവ്യയുടെ കഴുത്തില്‍ ദിലീപ് മിന്നുചാര്‍ത്തി. രാവിലെ ഒന്‍പതിനും പത്തിനുമിടയിലായിരുന്നു മുഹൂര്‍ത്തം.

അതീവരഹസ്യമായി വളരെ അടുപ്പക്കാരോടു മാത്രമാണ് വിവാഹകാര്യം പറഞ്ഞിരുന്നത്. അതും കാലത്ത് ഹോട്ടലില്‍ എത്തിച്ചേരണമെന്ന നിര്‍ദ്ദേശമായിരുന്നു. വിവാഹകാര്യമാണെന്ന വിവരം പുറത്തുവിട്ടിരുന്നില്ല.എക്‌സ്പ്രസ്സ് കേരളയാണ് വിവാഹവാര്‍ത്ത ആദ്യം പുറത്തുവിട്ടത്.

wed

മാധ്യമപ്രവര്‍ത്തകരെയും സിനിമാ പ്രവര്‍ത്തകരെയും അടക്കം സാക്ഷിയാക്കിയാണ് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ് അരങ്ങേറിയത്.
നടി മഞ്ജുവാര്യരുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ദിലീപോ, കാവ്യയോ വാര്‍ത്ത സ്ഥിരീകീരിച്ചിരുന്നില്ല.

ദിലീപിന്റെ മകള്‍ മീനാക്ഷി സമ്മതം മൂളിയതോടെയാണ് കാര്യങ്ങള്‍ വിവാഹത്തിലെത്തിയത്. അടുത്തിടെ മീനാക്ഷി, കാവ്യാ മാധവന്റെ വീട്ടില്‍ അടിക്കടി പോകാറുണ്ടായിരുന്നു.

ദുബായ് മലയാളിയായ നിശാല്‍ ചന്ദ്രയുമായി വളരെക്കുറച്ച് കാലത്തെ ദാമ്പത്യ ബന്ധത്തിനു ശേഷം വേര്‍പിരിഞ്ഞ കാവ്യാ മാധവന്‍ ദിലീപുമായി വീണ്ടും നിരവധി സിനിമകള്‍ ചെയ്തിരുന്നു.

‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ലാല്‍ ജോസിന്റെ സൂപ്പര്‍ഹിറ്റ് സിനിമയിലാണ് ദിലീപും കാവ്യാമാധവനും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് അനവധി സൂപ്പര്‍ഹിറ്റുകളാണ് ഈ ഭാഗ്യ ജോഡികളില്‍ നിന്നും പിറവിയെടുത്തത്.

ഭാര്യാഭര്‍ത്താക്കന്‍മാരായി സിനിമയില്‍ അഭിനയിച്ച ദിലീപും കാവ്യയും ജീവിതത്തിലും അത് യാഥാര്‍ത്ഥ്യമാക്കുകയാണ്. മലയാള സിനിമാലോകത്തെ മാത്രമല്ല കേരളീയ സമൂഹത്തെ തന്നെ അല്‍ഭുതപ്പെടുത്തുന്ന വാര്‍ത്തക്കാണ് ഇന്ന് കൊച്ചി സാക്ഷ്യം വഹിച്ചത്

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും അധികം സ്വാധീനമുള്ള മുന്‍നിര താരജോഡികളാണ് ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങള്‍ക്ക് വിട നല്‍കി സിനിമയെ വെല്ലുന്ന ക്ലൈമാക്‌സോടെ പുതുജീവിതത്തിലേക്ക് കാലെടുത്തുവെച്ചിരിക്കുന്നത്.

Top