ജോഷിയും ദിലീപും വീണ്ടും ഒന്നിക്കുന്നു; ചിത്രം ‘ഓണ്‍ എയറി’ന്റെ ഷൂട്ടിംഗ് ജനുവരിയില്‍

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൊറിഞ്ചു മറിയം ജോസിലൂടെ തിരിച്ചെത്തിയ ജോഷിയുടെ അടുത്ത ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. ചിത്രത്തിനെ കുറിച്ചും ദിലീപിന്റെ കഥാപാത്രത്തെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

അവതാരം എന്ന ചിത്രത്തിന് ശേഷമാണ് ജോഷിയും ദിലീപും ഒന്നിക്കുന്നത്. ഓണ്‍ എയര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് നവാഗതനായ അരുണും നിരഞ്ജനും ചേര്‍ന്നാണ്. ഈ ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. ജഫേഴ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജിന്‍ ജാഫര്‍ ആണ് നിര്‍മാണം. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി അവസാനത്തോടെ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

റണ്‍വേ, ലയണ്‍, ട്വന്റി ട്വന്റി, ക്രിസ്യന്‍ ബ്രദേഴ്‌സ് എന്നീ ചിത്രങ്ങളിലാണ് ദിലീപും ജോഷിയും മുന്‍പ് ഒന്നിച്ചത്. നേരത്തെ ശ്രീബാല കെ മേനോന്‍ സംവിധാനം ചെയ്ത ‘ലവ് 24 7’ എന്ന ചിത്രത്തില്‍ ദിലീപ് ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ റോളില്‍ എത്തിയിട്ടുണ്ട്. പി. സുകുമാര്‍ സംവിധാനം ചെയ്ത സ്വന്തം ലേഖകന്‍ എന്ന ചിത്രത്തില്‍ അദ്ദേഹം പത്രലേഖകനായും എത്തിയിരുന്നു. ജാക്ക് ആന്‍ഡ് ഡാനിയല്‍ ആണ് ദിലീപിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Top