ദിലീപ് ഒന്നാം പ്രതി തന്നെ, അന്തിമ തീരുമാനം പ്രഖ്യാപിച്ചു, ഇനി കോടതിയിൽ കാണാം

dileep

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഇന്ന് കൊച്ചിയിലെ പൊലീസ് സേഫ് ഹൗസില്‍ ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എ.ഡി.ജി.പി. ബി.സന്ധ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സുരേശനും പങ്കെടുത്തു. നടന്‍ ദിലീപിനെതിരേ ഉടന്‍ കുറ്റപത്രം നല്‍കുമെന്ന് എസ്പി എ.വി.ജോര്‍ജ് പറഞ്ഞു. അന്വേഷണസംഘത്തിന്റെ നിര്‍ണായക യോഗം വ്യാഴാഴ്ച വൈകിട്ട് ആലുവ പോലീസ് ക്ലബ്ബില്‍ ചേര്‍ന്നശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നടിയെ തട്ടിക്കൊണ്ടുപോയി ചിത്രങ്ങള്‍ പകര്‍ത്തിയ സുനില്‍ കുമാര്‍ (പള്‍സര്‍ സുനി) രണ്ടാം പ്രതിയാകും. ഗൂഢാലോചന എന്നതു കുറ്റകൃത്യത്തില്‍ പങ്കെടുത്തതിനു തുല്യമാണെന്നുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ദിലീപിനെ കേസില്‍ ഒന്നാം പ്രതിയാക്കാനുള്ള നീക്കം. നിലവില്‍ സുനില്‍കുമാര്‍ ഒന്നാംപ്രതിയും ദിലീപ് പതിനൊന്നാം പ്രതിയുമാണ്.

കൃത്യം നടത്തിയതു ദിലീപിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ദിലീപ് പറഞ്ഞതനുസരിച്ചു ക്വട്ടേഷന്‍ ഏറ്റെടുത്തയാളാണു സുനില്‍ കുമാര്‍. കുറ്റകൃത്യത്തില്‍ നേരിട്ട് ഏര്‍പ്പെട്ടവര്‍ക്കു നടിയോട് മുന്‍ വൈരാഗ്യമുണ്ടെന്നു കണ്ടെത്താനായിട്ടില്ല. എട്ടു വകുപ്പുകള്‍ ചുമത്തി ഗുരുതര ആരോപണങ്ങളോടെയാണു താരത്തിനെതിരായ കുറ്റപത്രം തയാറാക്കിയിരിക്കുന്നതെന്നാണു വിവരങ്ങള്‍.

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ക്കെതിരെ നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു. ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ ഇതിന് അനുബന്ധമായാണ് കുറ്റപത്രം നല്‍കുക. നടിയുടെ അശ്‌ളീലദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്ന സുനിയുടെ വെളിപ്പെടുത്തല്‍ അടിസ്ഥാനമാക്കിയാണ് തുടരന്വേഷണം നടത്തി ദിലീപിനെ പ്രതിയാക്കിയത്. അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് ആലുവ സബ് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്.

ഗൂഢാലോചനക്കുറ്റത്തിന് പുറമേ കൂട്ട മാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ദിലീപിനെതിരെ ചുമത്തിയാകും കുറ്റപത്രം നല്‍കുക. ഗായിക റിമി ടോമിയടക്കം 21 പേരുടെ രഹസ്യമൊഴികളും സാക്ഷിമൊഴികളും കുറ്റസമ്മത മൊഴികളും ഫോറന്‍സിക് പരിശോധനാ ഫലവും ഫോണ്‍ കോള്‍ രേഖ, ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്. ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണും മെമ്മറികാര്‍ഡും ഇനിയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവ കണ്ടെത്താന്‍ തുടരന്വേഷണത്തിന് പൊലീസ് കോടതിയില്‍ അനുമതി തേടും. ഇതോടൊപ്പം കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന ആവശ്യം സര്‍ക്കാരിനോട് ഉന്നയിക്കുന്നുണ്ട്.

ഫെബ്രുവരി 17 നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി നടി ആക്രമിക്കപ്പെട്ടത്. മഞ്ജു വാര്യരുമൊത്തുള്ള വിവാഹജീവിതം തകര്‍ത്തതിലുള്ള പക നിമിത്തമാണ് നടിക്കെതിരെ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്നും ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് നല്‍കിയതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Top