ദിലീപ് എഎംഎംഎയില്‍ നിന്നും രാജിവെച്ചു; പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് കൈമാറി

Dileep

കൊച്ചി: നടന്‍ ദിലീപ് രാജിക്കത്ത് നല്‍കി. ഈ മാസം പത്തിനാണ് എഎംഎംഎയില്‍ നിന്നും രാജി വയ്ക്കുന്നതായുള്ള കത്ത് നല്‍കിയത്. പ്രസിഡന്റ് മോഹന്‍ലാലിനാണ് രാജിക്കത്ത് കൈമാറിയത്.ശനിയാഴ്ച കൊച്ചിയില്‍ ഡബ്‌ള്യുസിസി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കുറ്റാരോപിതനായ വ്യക്തിയെ ചലചിത്ര സംഘടനകളുടെ തലപ്പത്തുള്ളവര്‍ സംരക്ഷിക്കുന്നതിനെതിരെ രംഗത്ത് എത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് ഒരു പിന്തുണയും കിട്ടിയില്ലെന്നു ഡബ്‌ള്യുസിസി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

മോഹന്‍ലാല്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത സമയത്തായിരുന്നു ദിലീപിനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ഊര്‍മ്മിള ഉണ്ണിയായിരുന്നു ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഭൂരിഭാഗം പേരും ജനപ്രിയ നായകന്റെ തിരിച്ചുവരവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തിന് ഇരയായ താരത്തേയും കുറ്റോരോപിതനായ താരത്തെയും ഒരുപോലെ പരിഗണിക്കുന്നുവെന്നാരോപിച്ച് സംഘടനയുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് നടിയും സുഹൃത്തുക്കളും സംഘടന വിട്ടത്. ദിലീപിനെ തിരികെ പ്രവേശിപ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനയുടെ നേതൃത്വത്തില്‍ അമ്മയ്ക്ക് അഭിനേത്രികള്‍ കത്ത് നല്‍കിയിരുന്നു.മൂന്ന് തവണയായി കത്ത് നല്‍കിയിട്ടും കൃത്യമായ മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഡബ്ലുസിസി അംഗങ്ങള്‍ പത്രസമ്മേളനം വിളിച്ചത്. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ചും പ്രസിഡന്റിന്റെ നിലപാടുകളിലുള്ള നിരാശയെക്കുറിച്ചുമൊക്കെ ഇവര്‍ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപ് സംഘടനയില്‍ നിന്നും രാജി വെച്ചുവെന്ന തീരുമാനം പുറത്തുവന്നത്. ഒക്ടോബര്‍ 10നാണ് താരം കത്ത് നല്‍കിയത്.

Top