ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി നിർമ്മാതാവ് സുരേഷ് കുമാർ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെടുത്തി ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ദിലീപിന്റെ തലയില്‍ കുറ്റം അടിച്ചേല്‍പ്പ് തെറ്റു ചെയ്യാത്ത ആളെ ശിക്ഷിക്കുകയാണെന്നും നിര്‍മാതാവ് ജി. സുരേഷ്‌കുമാര്‍

അന്വേഷണം എങ്ങനെ പോകുന്നെന്ന് കാണുന്നവര്‍ക്ക് അറിയാം. ഡി സിനിമാസ് പൂട്ടിക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് കണ്ടെത്തണം. ഇത് ആരുടെയോ വ്യക്തിപരമായ വൈരാഗ്യമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

നടിയെ ആക്രമിച്ച കേസുമായി ഡി സിനിമാസിന് എന്താണു ബന്ധം? താരവും വിതരണക്കാരനും ബിസിനസുകാരനുമായ ദിലീപിനു പലയിടത്തും നിക്ഷേപമുണ്ടാകും. ഡി സിനിമാസിന്റെ നിയമലംഘനം കണ്ടെത്താന്‍ പറ്റാത്തപ്പോള്‍ ജനറേറ്ററിന്റെ പേരില്‍ പൂട്ടിക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നു. ഇത് എന്തിനെന്നും പിന്നില്‍ ആരെന്നും കണ്ടെത്തണമെന്നും സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു.

ദിലീപിനെതിരെ ഘോരഘോരം സംസാരിച്ച രാഷ്ട്രീയക്കാരെയാരെയും പീഡനക്കേസില്‍ എംഎല്‍എ അറസ്റ്റിലായപ്പോള്‍ കണ്ടില്ല. ചാനലുകള്‍ കയറിയിറങ്ങി ദിലീപിനെ ചീത്തവിളിക്കുന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ കാര്യത്തില്‍ എന്തുവേണമെന്നു സിനിമസംഘടനകള്‍ പിന്നീടു ചര്‍ച്ച ചെയ്യുമെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.

Top