സുപ്രീംകോടതിയെ സമീപിക്കണ്ടന്ന്, അഭിഭാഷകരെ ഞെട്ടിച്ച തീരുമാനം !

ഫോണ്‍ കൈമാറണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ, സുപ്രീം കോടതിയില്‍ പോയാല്‍ അനുകൂലമായ വിധി ഉണ്ടാകുമെന്ന് നിയമ വിദഗ്ദര്‍ ഉപദേശം നല്‍കിയിട്ടും, കോടതിയില്‍ ഫോണ്‍ ഹാജരാക്കാമെന്ന ഉറച്ച നിലപാട് സ്വീകരിച്ചത് നടന്‍ ദിലീപ്.

വിചാരണ നീട്ടണമെന്ന പ്രോസിക്യൂഷന്‍ നിലപാടിന് എതിരായി സുപ്രീം കോടതിയില്‍ നിന്നും വിധി സമ്പാദിച്ചു നല്‍കിയ, രാജ്യത്തെ പ്രമുഖ അഭിഭാഷകനായ മുകുള്‍ റോത്തഗിയെ തന്നെ ദിലീപ് ഫോണ്‍ വിഷയത്തിലും രംഗത്തിറക്കുമെന്ന പ്രചരണത്തിന്റെ മുനയാണ് ദിലീപ് ഒടിച്ചു കളഞ്ഞിരിക്കുന്നത്. ഈ ആശങ്ക അന്വേഷണ സംഘത്തിനും ഉണ്ടായിരുന്നു.

താന്‍ പ്രതിയായ രണ്ടു കേസുകളിലും, ഒളിക്കാനായ ഒരു തെളിവും ഫോണില്‍ ഇല്ലെന്നത്, സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനു കൂടിയാണ് ദിലീപ് ഇത്തരം ഒരു നിലപാട് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. നേരത്തെ ദിലീപിന് എതിരായ സോഷ്യല്‍ മീഡിയയിലെ വലിയ ഒരു വിഭാഗം ഇപ്പോള്‍, ദിലീപിന് അനുകൂലമായി വരാനും ഈ നിലപാട് കാരണമായിട്ടുണ്ട്.

ദിലീപിനെതിരെ പൊലീസ് എടുത്ത രണ്ടു കേസും കളള കേസുകള്‍ ആണെന്നും, ദിലീപിനെ പ്രതിയാക്കാന്‍ വേണ്ട തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ കൈവശമില്ലന്നും ഉള്ള വാദങ്ങള്‍ സോഷ്യല്‍ മീഡിയകളിലും ഇപ്പോള്‍ ശക്തമാണ്. നേരത്തെ, ദിലീപിനെതിരെ കടന്നാക്രമിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പലതും ഇപ്പോള്‍, പൊലീസ് നടപടിയില്‍ സംശയം രേഖപ്പെടുത്തി രംഗത്തു വന്നു തുടങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ ദിലീപിന് അനുകൂലമായ തരംഗം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു കൂടിയാണ് ഈ ചുവട് മാറ്റല്‍.

ഏകപക്ഷീയമായി ദിലീപ് വിരുദ്ധ ചര്‍ച്ചകള്‍ നയിച്ച പ്രമുഖ വാര്‍ത്താചാനലുകളും, ചര്‍ച്ചാ പാനലുകളില്‍ മാറ്റം വരുത്തി നിഷ്പക്ഷത പാലിക്കാനും ഇപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മനോരമ ന്യൂസും, മീഡിയ വണ്ണുമാണ് ഈ നിഷ്പക്ഷ ചര്‍ച്ചക്ക് തുടക്കമിട്ടിരിക്കുന്നത്. ദിലീപിനെ എല്ലാവരും ചേര്‍ന്നു വേട്ടയാടുന്നു എന്ന പ്രചരണം ശക്തിപ്പെട്ടതു കൊണ്ടു മാത്രമല്ല, അന്വേഷണ സംഘത്തിന്റെ പല നടപടികളിലും സംശയം ഉള്ളതു കൊണ്ടു കൂടിയാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നു വേണം കരുതാന്‍.

അതേസമയം, ദിലീപ് ഹൈക്കോടതി മുഖാന്തരം നല്‍കപ്പെടുന്ന തെളിവായതിനാല്‍, ഫോണില്‍ കൃത്രിമം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത കോടതിക്കുണ്ടെന്നും, കോടതി അത് ചെയ്യുമെന്നുമാണ് നിയമ വിദഗദരും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേരളത്തിനു പുറത്തു പരിശോധനക്ക് നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയില്ല.

ദിലീപ് പരിശോധനക്ക് അയച്ച ഫോണുകള്‍ ഞായറാഴ്ച വൈകിട്ടോടെയാണ് തിരിച്ചെത്തുന്നത്. അത് കോടതി ആവശ്യപ്പെട്ടതുപോലെ തിങ്കളാഴ്ച തന്നെ മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവുമായി ബന്ധപ്പെട്ട കേസന്വേഷിച്ച ഉദ്യോഗസ്ഥരെ, അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍, തിങ്കളാഴ്ച 10.15ന് മുന്‍പ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്നാണ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരന്‍ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും സഹോദരീഭര്‍ത്താവ് ടി.എന്‍. സൂരജ് ഉപയോഗിച്ചിരുന്ന ഒരു ഫോണുമാണ് മുദ്രവെച്ച കവറില്‍ കൈമാറേണ്ടത്.

മൊബൈലുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെ, ‘അവസാനനിമിഷംവരെ ദിലീപ് എതിര്‍ത്തിരുന്നത്, സ്വകാര്യത സംരക്ഷിക്കണമെന്ന വാദം മുന്‍ നിര്‍ത്തിയാണ്. ഹൈക്കോടതി ഇത് അംഗീകരിക്കാതിരുന്ന സ്ഥിതിക്ക്, ഇനി ഏത് കേസിലും ആരുടെ മൊബൈല്‍ ഫോണും പിടിച്ചെടുക്കാന്‍ പൊലീസിന് ധൈര്യമാകും. ഇതാകട്ടെ, വ്യാപകമായി പൊലീസ് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ഏറെയാണ്. ഇക്കാര്യത്തിലെ ആശങ്ക മുതിര്‍ന്ന അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രകടിപ്പിക്കുന്നുമുണ്ട്.

പ്രതിസ്ഥാനത്ത് ചേര്‍ക്കപ്പെട്ടവര്‍ തെളിവ് നല്‍കണമെന്നത് നിയമപരമായി ശരിയല്ലന്ന വാദവും, അഭിഭാഷകര്‍ക്കിടയില്‍ ഉണ്ട്. അതു കൊണ്ടു തന്നെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കില്‍, അനുകൂല വിധി സമ്പാദിക്കാമായിരുന്നു എന്നതാണ് വാദം.

ഇതിനിടെ, ക്രൈംബ്രാഞ്ച് രണ്ടാമത് എടുത്ത കേസിന്റെ മറവില്‍ ഇപ്പോള്‍ നടത്തുന്നത്, ആദ്യത്തെ കേസിലേക്കുള്ള തെളിവ് സമാഹരണമാണെന്ന ആരോപണവും നിലവില്‍ ശക്തമായിട്ടുണ്ട്. ഈ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി എടുക്കുന്നതിനു തൊട്ടു മുന്‍പാണ്, വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്ത് വന്നിരുന്നത്. ഇതിനു പിന്നില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ ഗൂഢാലോചന ഉണ്ടെന്നാണ് ദിലീപ് ആരോപിക്കുന്നത്.

രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചതു തന്നെ, ദിലീപിനെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാലാണെന്നും, വിചാരണ കോടതിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കം അനുവദിക്കാന്‍ കഴിയില്ലെന്നുമാണ്, സുപ്രീം കോടതിയില്‍ മുകുള്‍ റോത്തഗി വാദിച്ചിരുന്നത്. മാധ്യമ വിചാരണയാണ് കേരളത്തില്‍ നടക്കുന്നതെന്ന അദ്ദേഹത്തിന്റെ വാദം കൂടി കേട്ട ശേഷമാണ്, വിചാരണ നീട്ടണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നത്.

വിവാദങ്ങളും കേസന്വേഷണങ്ങളും മാധ്യമ വിചാരണകളും ഇങ്ങനെ ചൂടുപിടിച്ചിട്ടും, ദിലീപിനെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങള്‍ നടത്തിയ ബാലചന്ദ്രകുമാര്‍ ഇതുവരെ, തന്റെ കൈവശമുള്ള തെളിവുകള്‍ അടങ്ങിയ ടാബ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാക്കിയിട്ടില്ല. നഷ്ടപ്പെട്ടു എന്നതാണ് വാദം. ഈ വാദം എന്തായാലും തന്റെ ഫോണ്‍ ഹാജരാക്കണമെന്ന ആവശ്യത്തിന്‍മേല്‍ ദിലീപ് പറഞ്ഞിട്ടില്ലന്നതും ശ്രദ്ധേയമാണ്. ദിലീപിന്റെ ഫോണ്‍ കൈമാറണമെന്ന് പറഞ്ഞ ഹൈക്കോടതി, ബാലചന്ദ്രകുമാറിന്റെ ടാബ് ഹാജരാക്കണമെന്ന ആവശ്യത്തെ ഇനി എങ്ങനെ കാണുമെന്നതും, പ്രസക്തമായ ചോദ്യം തന്നെയാണ്. ഇക്കാര്യം വിചാരണ കോടതിയിലും ഹൈക്കോടതിയിലും ശക്തമായി ഉയര്‍ത്താന്‍ തന്നെയാണ് ദിലീപിന്റെ അഭിഭാഷകരുടെ തീരുമാനം.

ഒറിജിനല്‍ ദൃശ്യങ്ങളും സംഭാഷണങ്ങളും അടങ്ങിയ വസ്തുക്കള്‍ ഹാജരാക്കിയില്ലങ്കില്‍, പറയുന്ന കാര്യങ്ങള്‍ക്ക് നിയമ സാധുത എത്രമാത്രം എന്ന കാര്യത്തിലും ഇനി വ്യക്തത വരേണ്ടതുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ കൃത്യം നിര്‍വ്വഹിച്ചവര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നടിയുടെ തന്നെ ശക്തമായ മൊഴിയുണ്ട്. അവിടെ ദൃശ്യത്തിന്റെ ആവശ്യം പോലും ഇല്ല. ഈ കേസില്‍ ദൃശ്യം പകര്‍ത്തിയ മൊബൈല്‍ കണ്ടെത്തിയിട്ടില്ല, പകര്‍പ്പാണ് ലഭിച്ചിരിക്കുന്നത്, ഇതു മുന്‍ നിര്‍ത്തി, എല്ലാ കേസുകളിലും അങ്ങനെ ആവാം എന്ന നിലപാട് എങ്ങനെ ശരിയാകും ?

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധശ്രമ ഗൂഡാലോചന കേസില്‍ ബാലചന്ദ്രകുമാര്‍ എന്ന വ്യക്തിയുടെ മൊഴിയും, അദ്ദേഹം നല്‍കിയ ശബ്ദ രേഖകളും മാത്രമാണുള്ളത്. പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീക്ക് കിട്ടുന്ന ആനുകൂല്യം, ബാലചന്ദ്രകുമാറിന്റെ മൊഴിക്ക് ലഭിക്കാനുള്ള സാധ്യത എന്തായാലും കുറവാണ്. രണ്ടും രണ്ട് കേസാണ്. ഇവിടെയാണ്, റെക്കോര്‍ഡ് ചെയ്ത ടാബും അനിവാര്യമാകുന്നത്.

Top