നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമായ് പ്രകാശിക്കും; ദിലീപ്

Dileep

കൊച്ചി : മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന അനുകൂലമായ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി ദിലീപ് രംഗത്ത്. ‘അഭിനന്ദനങ്ങള്‍ നമ്പി നാരായണന്‍ സര്‍, നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമായ് പ്രകാശിക്കും.’എന്നാണ് ദിലീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.

നേരത്തെ മാധവന്‍, സൂര്യ അടക്കമുള്ള താരങ്ങള്‍ നമ്പി നാരായണന് അഭിനന്ദനം നേര്‍ന്ന് എത്തിയിരുന്നു. ‘അവസാന കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം’മാധവന്‍ ട്വീറ്റ് ചെയ്തു. വിധിക്കായി കാത്തിരിക്കുകയായിരുന്നെന്ന് മാധവന്റെ ട്വീറ്റിന് മറുപടിയായി തമിഴ് താരം സൂര്യയും പ്രതികരിച്ചിരുന്നു.

24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തിലാണ് നമ്പി നാരായണന് നീതി ലഭിക്കുന്നത്. ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ 50 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധിച്ചത്.

നമ്പി നാരായണനെ അനാവശ്യമായി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചുവെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി ഡി.കെ ജെയിന്‍ അധ്യക്ഷനായ സമിതിക്കാണ് അന്വേഷണ ചുമതല.

Top