സെറ്റുകളില്‍ നിന്ന് സെറ്റുകളിലേയ്ക്ക് ദിലീപ്; കമ്മിറ്റ് ചെയ്തിരിക്കുന്നത് അരഡസനോളം ചിത്രങ്ങള്‍

ദിലീപ് തിരക്കിലാണ്. സെറ്റുകളില്‍ നിന്ന് സെറ്റുകളിലേയ്ക്കാണ് താരത്തിന്റെ ഓട്ടം. വ്യാസന്‍ കെ.പി. രചനയും സംവിധാനവും നിര്‍വഹിച്ച ശുഭരാത്രിയുടെ സെറ്റിലായിരുന്നു ദിലീപ്. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയേല്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ദിലീപ്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ തമിഴ് താരം അര്‍ജുനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അരഡസനോളം ചിത്രങ്ങളാണ് താരം കമ്മിറ്റ് ചെയ്തിരിക്കുന്നത്. ജാക്ക് ഡാനിയേലിന് ശേഷം രാമചന്ദ്രബാബുവിന്റെ ത്രീഡി ചിത്രം പ്രൊഫ. ഡിങ്കന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേയ്ക്കാണ് താരം പോകുന്നത്.

ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദിലീപ് കമ്മിറ്റ് ചെയ്തിരിക്കുന്ന അടുത്ത പ്രോജക്ട്. അതിനുശേഷം വൈശാഖ് – ഉദയകൃഷ്ണ ടീമിന്റെ ചിത്രത്തിലാണ് ദിലീപ് അഭിനയിക്കുക. ഒരു വടക്കന്‍ സെല്‍ഫിയുടെ സംവിധായകന്‍ ജി. പ്രജിത്തിന്റെ ചിത്രവും ദിലീപ് കമ്മിറ്റ് ചെയ്ത് കഴിഞ്ഞു.

മിഥിലാജ് അബ്ദുള്‍ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ദിലീപിന്റെ ഈ വര്‍ഷത്തെ മറ്റൊരു പ്രോജക്ട്. ശ്രീഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദിലീപ് അഭിനയിക്കുന്നുണ്ട്.

വ്യാസന്‍ കെ.പിയുടെ ചിത്രം ശൂഭരാത്രിയാണ് പ്രദര്‍ശനത്തിന് എത്തുന്ന അടുത്ത ദിലീപ് ചിത്രം. ചിത്രം ജൂലായ് നാലിന് പ്രദര്‍ശനത്തിന് എത്തും.

Top