ദിലീപിന്റെ ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ കോടതിയ്ക്ക് കൈമാറി

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചനാ നടത്തിയ കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയക്കുന്നതിന് നടപടി തുടങ്ങി. ഇതിന് മുന്നോടിയായി ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ പ്രതികളുടെ അഭിഭാഷകര്‍ ആലുവ കോടതിയ്ക്ക് കൈമാറി. ഇതിനിടെ, ദിലീപിന്റെ ശബ്ദ പരിശോധന നടത്താനും അന്വേഷണ സംഘം നടപടി തുടങ്ങി.

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ആറ് മൊബൈല്‍ ഫോണുകളാണ് ഇന്നലെ രാത്രി ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചത്. ഇവ ശാസ്ത്രീയമായി പരിശോധിക്കുന്നതിന് കോടതി തന്നെ തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.

ദിലീപ് ഹാജരാക്കിയ ആറു ഫോണുകളില്‍ അഞ്ചെണ്ണം അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഒന്നാമത്തെ ഫോണ്‍ ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.കേസില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്. ദിലീപും കൂട്ടാളികളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടിഎ ഷാജി ആവര്‍ത്തിച്ചു.

അന്വേഷണ സംഘം ആവശ്യപ്പെട്ട ഏഴു ഫോണുകളില്‍ ആറെണ്ണം മാത്രമാണ് ദിലീപും സംഘവും ഹാജരാക്കിയത്. ഹര്‍ജിയില്‍ നാലാമതായി ചൂണ്ടിക്കാട്ടിയ ഫോണ്‍ കൈമാറിയിട്ടില്ല. അതു കൈവശമില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഈയടുത്ത കാലം വരെ അത് ഉപയോഗിച്ചതിനു തെല്‍വുകള്‍ ലഭിച്ചിട്ടുണ്ട്. അതില്‍നിന്ന 12,000ല്‍ ഏറെ കോളുകള്‍ വിളിച്ചിട്ടുണ്ടെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു.

ഒരു ഫോണ്‍ മാത്രമാണോ കൈമാറാത്തത് എന്ന കോടതിയുടെ ചോദ്യത്തിന് മൂന്നെണ്ണമാണെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. അന്വേഷണവുമായി സഹകരിക്കാത്തത് ഗൗരവത്തോടെ കാണേണ്ട കാര്യമാണെന്നു കോടതി അഭിപ്രായപ്പെട്ടു.ഈ കേസില്‍ പ്രതിക്ക് അനാവശ്യ പരിഗണന കിട്ടുന്നതായി വിമര്‍ശനം ഉയരുന്നുണ്ടെന്ന് കോടതി പറഞ്ഞു. ഭാവിയില്‍ മറ്റു പ്രതികളും സമാനമായ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് കോടതി വാദത്തിനിടെ പറഞ്ഞു.

 

Top