ദിലീപിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍

dileep

കൊച്ചി: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍. റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുക്കും. നേരത്തെ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ അഭിഭാഷകന്റെ പക്കലുണ്ടെന്നും ഇത് ക്രൈംബ്രാഞ്ചിന് കൈമാറില്ലെന്നും പ്രതികള്‍ അറിയിച്ചു. എന്നാല്‍ തെളിവ് നശിപ്പിക്കാനായി മൊബൈല്‍ ഫോണുകള്‍ ഒളിപ്പിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം.

ദിലീപിനും, ക്രൈംബ്രാഞ്ച് സംഘത്തിനും ഒരുപോലെ നിര്‍ണായകമാണ് മുദ്രവച്ച കവറില്‍ ഹൈക്കോടതിയിലെത്തുന്ന അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്. 3 ദിവസം, 36 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന്റെ വിവരങ്ങളടക്കമുള്ള റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യേപേക്ഷയില്‍ തീരുമാനമെടുക്കും. പരസ്പരമുള്ള സംസാരത്തിനപ്പുറം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ശ്രമം നടത്തിയെന്ന് തെളിയിക്കാനായാല്‍ മുന്‍കൂര്‍ ജാമ്യം തള്ളും. മൊഴികളില്‍ വൈരുധ്യമുണ്ടെന്നും ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യണമെന്നുമുള്ള നിലപാടിലാണ് ക്രൈംബ്രാഞ്ച്

എന്നാല്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ മാത്രം ഒരു തെളിവും ക്രൈംബ്രാഞ്ചിന്റെ പക്കലില്ലെന്ന വിശ്വാസത്തിലാണ് ദിലീപ്. ശാപവാക്കുകള്‍ക്കപ്പുറം ഗൂഢാലോചന നടത്തിട്ടില്ല. പ്രതികള്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഫോണുകള്‍ മാറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇത് തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കമാണെന്നാണ് ആരോപണം. എന്നാല്‍ മൊബൈല്‍ ഫോണുകള്‍ മാറ്റിയിട്ടില്ലെന്നും അഭിഭാഷകന്റെ പക്കലുണ്ടെന്നും പ്രതികള്‍ അറിയിച്ചു. കോടതി നിര്‍ദേശം ലഭിച്ചാല്‍ ഇവ അന്വേഷണസംഘത്തിന് കൈമാറും.

 

Top