ദിലീപ്- ബി. ഉണ്ണികൃഷ്ണന്‍ പ്രോജക്ട്; വാര്‍ത്തകള്‍ തെറ്റെന്ന് സംവിധായകന്‍

DILEEP UNNI

ദിലീപിനെ നായകനാക്കി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ സിനിമയെടുക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. പ്രൊഫസര്‍ ഡിങ്കന് ശേഷമുള്ള പുതിയ പ്രഖ്യാപനമായിരിക്കുമോ ഇതെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. ചിത്രം ജൂലായില്‍ ആരംഭിക്കുമെന്നും വാര്‍ത്തകളില്‍ പറഞ്ഞിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിലീപിനെ നായകനാക്കിയൊരു ചിത്രം പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും അത് നടക്കാതെ പോവുകയായിരുന്നു. നിര്‍മ്മാതാവിനെ വരെ ലഭിച്ചിരുന്നുവെങ്കിലും തിരക്ക് കാരണം ആ കൂടിച്ചേരല്‍ നടക്കാതെ പോവുകയായിരുന്നു. ദിലീപിന്റെ സിനിമാ ജീവിതത്തിലെ തന്നെ സുപ്രധാനമായ സിനിമകളിലൊന്നായി മാറിയേക്കാവുന്ന പ്രമേയമായിരുന്നു ഇതിന്റേത്. മിസ്റ്റര്‍ ഫ്രോഡിന്റെ റിലീസിന് ശേഷം ദിലീപിനെ സമീപിച്ചപ്പോള്‍ അദ്ദേഹം രണ്ട് സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു.

മിസ്റ്റര്‍ ഫ്രോഡിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കാന്‍ നിശ്ചയിച്ചിരുന്നു. തിരക്കഥ കാണിച്ചപ്പോള്‍ ഇത് ദിലീപിന് അനുയോജ്യമാവുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ദിലീപിന്റെ തിരക്ക് കാരണം ചിത്രം നീണ്ടതോടെ വേണ്ട ഭേദഗതി വരുത്തി മോഹന്‍ലാലിനെ നായകനാക്കുകയായിരുന്നുവെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജൂണില്‍ ചെറിയൊരു സിനിമ തുടങ്ങുമെന്ന ആലോചന എനിക്ക് ഉണ്ടായിരുന്നു. സുരാജിനെയും തമിഴ് നടന്‍ മഹേന്ദ്രനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു ചിത്രം. ഞാനും സജീവ് പാഴൂരും ദിലീഷ് നായരും ചേര്‍ന്നാണ് കഥ. കഴിഞ്ഞ ദിവസം കൂടി ഞങ്ങള്‍ മൂന്നുപേരും ചേര്‍ന്ന് ഇതിന്റെ തിരക്കഥാ ചര്‍ച്ചയിലായിരുന്നു. സിനിമ ഇപ്പോള്‍ അതിന്റെ പ്രി-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

സിനിമ എന്നു പറയുന്നത് ഒരു ദിവസം കൊണ്ട് പൊട്ടിമുളക്കുന്നതല്ല, വര്‍ഷങ്ങള്‍ കൊണ്ടാകും ഒരു പ്രോജക്ട് അതിന്റെ അവസാന ഘട്ടത്തിലെത്തുക. നിലവില്‍ ഈ രണ്ട് ചിത്രങ്ങള്‍ക്ക് പുറമെ ഒരു മോഹന്‍ലാല്‍ ചിത്രവും തെലുങ്ക് പ്രോജക്ടും ഞാന്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതല്ലാതെ വരുന്ന മറ്റു വാര്‍ത്തകള്‍ തെറ്റാണ്. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Top