സൂപ്പര്‍ ഹീറോ ആയി ദിലീപ്; പുതിയ പോസ്റ്ററുമായി ‘പറക്കും പപ്പൻ’

ദിലീപ് നായകനായി എത്തുന്ന ‘പറക്കും പപ്പന്റെ’ പുതിയ പോസ്റ്റർ ഇറങ്ങി. 2018 ക്രിസ്തുമസ് ദിനത്തിൽ പ്രഖ്യാപിച്ച ‘പറക്കും പപ്പന്‍’ പലകാരണങ്ങളാലും ചിത്രീകരണം നീണ്ടുപോകുക ആയിരുന്നു. ദിലീപിന്റെ സോഷ്യൽ മീഡിയ പേജ് വഴിയാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഉടൻ ആരംഭിക്കും. ‘ഒരു ലോക്കൽ സൂപ്പർ ഹീറോ’ എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ.

ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നുള്ള ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് പറക്കും പപ്പന്‍. വിയാന്‍ വിഷ്ണുവാന് ചിത്രം സംവിധാനം ചെയ്യുന്നത്. അരുൺ ​ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഒപ്പം ശരത് കുമാറും പ്രധാന വേഷത്തില്‍ എത്തും. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം.

റാഫി സംവിധാനം ചെയ്ത ‘വോയ്സ് ഓഫ് സത്യനാഥനാണ്’ റിലീസിനൊരുങ്ങുന്ന പുതിയ ദിലീപ് ചിത്രം. നടൻ ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ വീണ നന്ദകുമാറാണ് നായിക. സിദ്ദിഖ്, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. ചിത്രം ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് വിവരം.

Top