ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നു; ‘വോയ്സ് ഓഫ് സത്യനാഥന്‍’ വരുന്നു

ലയാളികളെ കുടുകുടാ ചിരിപ്പിച്ച ദിലീപ് ചിത്രങ്ങളാണ് പഞ്ചാബി ഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം, റിങ് മാസ്റ്റര്‍, ചൈനാ ടൗണ്‍ എന്നിവ. മലയാളത്തിന്റെ പ്രശസ്ത സംവിധായകനായ റാഫിയായിരുന്നു ഈ സിനിമകളുടെയെല്ലാം അമരക്കാരന്‍.

നീണ്ട ഇടവേളക്ക് ശേഷം ദിലീപ്- റാഫി കൂട്ടുകെട്ടില്‍ പുതിയൊരു ചിത്രം വരുമ്പോള്‍ മതിമറന്ന് ചിരിക്കാതിരിക്കാന്‍ പ്രേക്ഷകനാവില്ല. റാഫി സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘വോയ്സ് ഓഫ് സത്യനാഥന്‍’ എന്ന ടൈറ്റിലില്‍ ഒരുങ്ങുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

സിനിമയുടെ പ്രഖ്യാപനത്തിനൊപ്പം ‘എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും കൂടെയുണ്ടാകണം,’ എന്നും ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു. ബാദുഷ സിനിമാസിന്റെയും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

സംവിധായകന്‍ റാഫി തന്നെയാണ് വോയ്സ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നതും. ദിലീപിനൊപ്പം അഭിനയനിരയില്‍ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ എന്നിവരും പങ്കുചേരുന്നു.ഒക്ടോബര്‍ ആദ്യവാരം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിതിന്‍ സ്റ്റാനിലസ് ആണ് ഛായാഗ്രഹകന്‍. ഷമീര്‍ മുഹമ്മദ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന് ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം ഒരുക്കുന്നു.

 

Top