Dileep and Kavya will not go to elction campaign for Ganeshkumar

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മേലില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് ചോദിച്ച് രംഗത്തിറങ്ങില്ലെന്ന നിലപാടില്‍ സൂപ്പര്‍ താരങ്ങളായ ദിലീപും കാവ്യാ മാധവനും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്ത് മത്സരിച്ച നടന്‍കൂടിയായ കെ.ബി ഗണേഷ്‌കുമാറിന് വേണ്ടി ഇരു താരങ്ങളും പ്രചരണത്തിന് ഇറങ്ങിയത് ഏറെ വിവാദമായിരുന്നു.

പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ പിന്നീട് ദിലീപും കാവ്യാമാധവനും പങ്കെടുത്ത മറ്റ് സ്വകാര്യ പരിപാടികള്‍ക്കിടയില്‍ പോലും പ്രതിഷേധമുയര്‍ത്തിയിരുന്നു.

സഹതാരവും സുഹൃത്തുമായതിനാലാണ് ഗണേഷ്‌കുമാറിന് വേണ്ടി പ്രചരണത്തിനിറങ്ങിയതെന്നായിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിശദീകരണം.

എന്നാല്‍ സിപിഎം -ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഈ വിശദീകരണം മുഖവിലയ്‌ക്കെടുക്കാതെ താരങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ് ഉണ്ടായത്.

ഇപ്പോള്‍ ഗണേഷ്‌കുമാറിന്റെ കേരള കോണ്‍ഗ്രസ് (ബി) ഇടതുപക്ഷത്തോട് സഹകരിക്കുകയും ഇടതു സ്ഥാനാര്‍ത്ഥിയായി തന്നെ പത്തനാപുരത്ത് മത്സരിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ പ്രചരണത്തിനിറങ്ങി പുലിവാല് പിടിക്കാനില്ലെന്ന നിലപാടിലാണ് താരങ്ങള്‍.

ഏതെങ്കിലും ഒരു പക്ഷത്തിന്റെ ആളുകളായി ചിത്രീകരിക്കപ്പെടുന്നത് താരമൂല്യത്തെ ബാധിക്കുമെന്ന് കണ്ടാണ് തിരഞ്ഞെടുപ്പില്‍ കൈകൊടുക്കാതെ ഉള്‍വലിയുന്നത്.

അതേസമയം, ഇടതു സഹയാത്രികനായ മുകേഷ്, ശ്രീരാമന്‍, അനൂപ് ചന്ദ്രന്‍ സംവിധായകരായ ബി ഉണ്ണികൃഷ്ണന്‍, രണ്‍ജി പണിക്കര്‍, ആഷിക് അബു തുടങ്ങിയവര്‍ ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണ രംഗത്തിറങ്ങിയേക്കും.

കോണ്‍ഗ്രസ് വക്താവ് കൂടിയായ നടി ഖുശ്ബു, മുന്‍കാല നായിക ഷീല, നടന്‍ സലിംകുമാര്‍, തുടങ്ങിയവരെ പ്രചരണ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

ബിജെപിയാകട്ടെ നടന്‍ സുരേഷ്‌ഗോപി, ദേവന്‍ എന്നിവരെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. സംവിധായകനായ മേജര്‍ രവിയടക്കമുള്ളവരെ പ്രചരണ രംഗത്തിറക്കാനും ബിജെപിക്ക് പദ്ധതിയുണ്ട്.

Top