നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കിട്ടാന്‍ തനിക്ക് അവകാശമുണ്ടെന്ന് ദിലീപ്

ന്യൂഡല്‍ഹി : നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കിട്ടാന്‍ തനിക്ക് അവകാശമുണ്ടെന്ന് ദിലീപ്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന സത്രീ ശബ്ദത്തില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്നും ഈ ശബ്ദം കേസ് രേഖകളില്‍ പരാമര്‍ശിക്കുന്നില്ലെന്നും ദിലീപ് പറഞ്ഞു.

രേഖാമൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കേസിലെ വാദങ്ങളിലാണ് ദിലീപ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കിട്ടിയാല്‍ മാത്രമേ കേസിലെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് ദിലീപ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ തന്റെ കയ്യില്‍ നിന്നും മറ്റൊരാളിലേക്ക് പോകില്ലെന്നും അങ്ങനെ പോകാതിരിക്കാനുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ കോടതി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

ദൃശ്യങ്ങളില്‍ വാട്ടര്‍മാര്‍ക്ക് ഇട്ട് നല്‍കണം. വാട്ടര്‍ മാര്‍ക്കിട്ടാല്‍ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാകുമെന്നും ദിലീപ് പറഞ്ഞു. ദൃശ്യങ്ങള്‍ തന്റെ പക്കലും തന്റെ അഭിഭാഷകന്റെ പക്കലും സുരക്ഷിതമായിരിക്കുമെന്നും ദിലീപ് വ്യക്തമാക്കി.

കേസിലെ വിചാരണ പൂര്‍ത്തിയാകുന്നതോടെ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് തിരിച്ചേല്‍പിക്കുമെന്നും ദിലീപ് ഉറപ്പ് നല്‍കുന്നു.

മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായതാണ്. ഇതില്‍ വിധി പറയുന്നതിന് മുന്‍പ് കേസിലെ ഇരു കക്ഷികളും കേസിലെ വാദങ്ങള്‍ രേഖാമൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

Top