കുണ്ടറ പീഡനശ്രമ പരാതിക്ക് പിന്നില്‍ രാഷ്ട്രീയമെന്ന് ഡിഐജിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കുണ്ടറ പീഡനശ്രമ പരാതിക്ക് പിന്നില്‍ രാഷ്ട്രീയ പ്രശ്‌നങ്ങളെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ റിപ്പോര്‍ട്ട്. കുണ്ടറയിലെ എന്‍സിപി നേതാവ് പത്മാകരനെതിരായ പരാതിക്ക് പിന്നില്‍ രാഷ്ട്രീയമെന്നാണ് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്റെ റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നത്. യുവതിയുടേത് ജാമ്യമില്ലാ ആരോപണമായിരുന്നു. എന്നാല്‍ കൃത്യമായ മൊഴിയോ തെളിവോ അവര്‍ നല്‍കിയിരുന്നില്ല. അന്വേഷണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയെങ്കിലും തീര്‍പ്പാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവതിയുടെ പരാതി കൈകാര്യം ചെയ്തതില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് വീഴ്ചയുണ്ടായി. പരാതിക്കാരിയുടെ ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം നടന്നിട്ടില്ലെന്നും ഡിഐജി. സഞ്ജയ് കുമാര്‍ ഗുരുദീന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. മന്ത്രിയുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തു പരസ്യപ്പെടുത്തിയെന്നാരോപിച്ച് പരാതിക്കാരിയുടെ പിതാവിനെ ഉള്‍പ്പടെ നാലു പേരെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

മന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ ഗൂഡാലോചനയെന്ന് ആക്ഷേപത്തിന് ബലം കൂട്ടുന്നതാണ് എന്‍സിപി നടപടി. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ഒതുക്കിതീര്‍ക്കാന്‍ മന്ത്രി ശ്രമിച്ചിട്ടില്ലെന്ന കണ്ടെത്തലോടെയാണ് എന്‍സിപിയിലെ അച്ചടക്ക നടപടി. ഇതോടെ ശശീന്ദ്രന്് ഫോണ്‍വിളി വിവാദത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കുകയാണ് എന്‍സിപി. അതേസമയം, ഫോണ്‍ സംഭാഷണങ്ങളിലും മന്ത്രിയെന്ന ഇടപെടലിലും ജാഗ്രത വേണമെന്ന് ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന് എന്‍സിപി കര്‍ശന മുന്നറിയിപ്പു നല്‍കി.

എങ്കിലും ഫോണ്‍ വിളിയില്‍ ശശീന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്ന വിമര്‍ശനം പാര്‍ട്ടി യോഗത്തിലുണ്ടായി. ഭരണകാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശശീന്ദ്രന്‍ ശ്രദ്ധിക്കണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചു. ശശീന്ദ്രനും ഓഫിസിനും ഇനി മുതല്‍ പാര്‍ട്ടിയുടെ കര്‍ശന നീരീക്ഷണമുണ്ടാകും. അതേസമയം ശശീന്ദ്രനെതിരെ പാര്‍ട്ടിക്കുള്ളില്‍ നടന്ന ഗൂഡാലോചയുടെ ഭാഗമാണ് ഫോണ്‍ വിളി വിവാദമെന്ന സൂചനയാണ് പാര്‍ട്ടി നല്‍കുന്നത്. ഇതെപ്പറ്റി പാര്‍ട്ടി വിശദമായി അന്വേഷിക്കും.

Top