ബജറ്റിലെ ഡിജിറ്റല്‍വല്‍ക്കരണത്തെ പരിഹസിച്ച് വിഡി സതീശന്‍

VD Satheesan

തിരുവനന്തപുരം: ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍വത്ക്കരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. രാജീവ് ഗാന്ധി കംപ്യൂട്ടര്‍വത്കരണം നടപ്പിലാക്കിയപ്പോള്‍ സമരം നടത്തിയവര്‍ ആയിരുന്നു സിപിഎം സഖാക്കള്‍ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘രാജീവ് ഗാന്ധി കംപ്യൂട്ടര്‍വത്ക്കരണം നടപ്പിലാക്കിയപ്പോള്‍ സമരം ചെയ്ത സഖാക്കള്‍ ഇപ്പോള്‍ ബജറ്റില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം, ഡിജിറ്റല്‍ ഇക്കോണമി, നോളജ് ഇക്കോണമി എന്നൊക്കെ പ്രഖ്യാപിക്കുന്നത് കേട്ട് ആര്‍ക്കും രോമാഞ്ചമുണ്ടാകും’ സതീശന്റെ കുറിപ്പില്‍ പറയുന്നു. കേരളത്തിലെ ഡിജിറ്റല്‍വത്കരിച്ച് നോളജ് ഇകോണമിയാക്കും എന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി എല്ലാ വീട്ടിലും ലാപ്ടോപ്പ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

പട്ടിക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, അന്ത്യോദയ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്പ് ലഭ്യമാക്കും. ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം കിഴിവില്‍ ലാപ്ടോപ്പ് ലഭ്യമാക്കും. വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കും. കെ ഫോണ്‍ പൂര്‍ത്തീകരിക്കും. ഇതിന്റെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. ജൂലൈയോടെ കെ ഫോണ്‍ പദ്ധതി സമ്പൂര്‍ണമാകും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമാകും തുടങ്ങിയ കാര്യങ്ങളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Top