ഡിജിറ്റല്‍ വിവര സംരക്ഷണ ബില്‍; പൗരന്‍മാരുടെ അഭിപ്രായം അറിയിക്കാവുന്ന തീയതി നീട്ടി

ഡല്‍ഹി: ഡിജിറ്റല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്ലിനെക്കുറിച്ച് പൗരന്മാരുടെ അഭിപ്രായം പങ്കുവെയ്ക്കാനുളള സമയപരിധി നീട്ടിയതായി വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. 2023 ജനുവരി രണ്ട് വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. അവസാന തിയതി ഡിസംബര്‍ 17 ആണെന്നായിരുന്നു മന്ത്രാലയം ആദ്യം അറിയിച്ചിരുന്നത്.കരട് ബില്ലുമായി ബന്ധപ്പെട്ട് നിരവധി പേരാണ് മന്ത്രാലയത്തിന് കത്തയച്ചത്. വിവരാവകാശനിയമത്തിന് വെല്ലുവിളിയാകുന്ന ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ തടയാന്‍ രാജ്യത്തെ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസനും രംഗത്തെത്തിയിരുന്നു.

2022ലെ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ലും 2005ലെ വിവരാവകാശ നിയമത്തില്‍ അതിന്റെ സ്വാധീനവും സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് കമല്‍ ഹാസന്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതിയിരുന്നു.ഡിജിറ്റല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍, 2005ലെ വിവരാവകാശ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതാണെന്നും 2022ലെ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ലിന്റെ ക്ലോസ് 30(2), വിവരാവകാശ നിയമത്തിലെ സെക്ഷന്‍8(1)(യു)വിനെ അനാവശ്യമായി ഭേദഗതി ചെയ്യാന്‍ നിര്‍ദേശിക്കുന്നതാണെന്നും കേന്ദ്രമന്ത്രിക്കെഴുതിയ കത്തില്‍ കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു.

വിവരാവകാശ നിയമത്തിലെ വകുപ്പ് 8(1) സ്വകാര്യതയില്‍ അനാവശ്യമായ കടന്നുകയറ്റത്തിന് കാരണമായേക്കാവുന്ന വ്യക്തിഗത വിവരങ്ങള്‍ക്കായുളള അപേക്ഷകള്‍ നിരസിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതാണ്. കൂടാതെ വിവരാവകാശ നിയമത്തിലെ വകുപ്പ് 8(1)(ജെ) യിലെ വ്യവസ്ഥ പ്രകാരം പാര്‍ലമെന്റിനോ സംസ്ഥാന നിയമസഭയ്ക്കോ നിഷേധിക്കാന്‍ കഴിയാത്ത വിവരങ്ങള്‍ ഒരു വ്യക്തിക്കും നിഷേധിക്കാന്‍ പാടുളളതല്ല’, കമല്‍ ഹാസന്‍ കത്തില്‍ പരാമര്‍ശിച്ചു.

കരട് ബില്ലില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിനുളള സമയപരിധി ഇന്ന് അവസാനിക്കുമെന്നും നടന്‍ ഓര്‍മ്മപ്പെടുത്തി. ഇന്ത്യന്‍ പൗരന്മാരില്‍ നിന്നും 2022ലെ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ലിനെക്കുറിച്ച് കൃത്യമായ അഭിപ്രായം ലഭിക്കണമെങ്കില്‍ കരട് ബില്‍ പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കണമെന്നുളള അഭിപ്രായവും അദ്ദേഹം കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Top