ജാഗ്രത ! നിങ്ങളുടെ ബാങ്ക് അക്കൗണ്ടും സുരക്ഷിതമല്ല, അവരുണ്ട് പിന്നാലെ . . .

ഡിജിറ്റില്‍ ഇന്ത്യ തട്ടിപ്പുകാര്‍ക്ക് വിളനിലമാകുന്നു. നിരവധി പേര്‍ക്കാണ് ഇതിനകം തന്നെ സംസ്ഥാനത്തിന് അകത്തും പുറത്തുമായി ലക്ഷങ്ങള്‍ നഷ്ടമായിരിക്കുന്നത്.

ഹൈടെക് തട്ടിപ്പിനെ കുറിച്ച് അക്കൗണ്ടുടമകള്‍ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസിന്റെ സൈബര്‍ വിഭാഗമായ സൈബര്‍ ഡോം അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അപരിചിത സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കാണ് പണം വ്യാപകമായി നഷ്ടപ്പെടുന്നത്. അക്കൗണ്ടില്‍ ഒരു രൂപ പോലും അവശേഷിപ്പിക്കാതെ മുഴുവനും തട്ടിയെടുക്കുന്നതാണ് പുതിയ രീതി. തടിപ്പിന് ഇരയായെന്ന് ബോധ്യമായാലുടന്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് പിന്‍ നമ്പര്‍ മാറ്റിയ ശേഷം പരാതി നല്‍കണമെന്നാണ് സൈബര്‍ ഡോം അഭ്യര്‍ത്ഥിക്കുന്നത്.

ഡോക്ടര്‍മാരും അദ്ധ്യാപകരുമടക്കം പത്തിലേറെ പേരാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം തട്ടിപ്പിനിരയായത്. 15 ലക്ഷത്തിലേറെ രൂപയാണ് ഇവരില്‍ നിന്നും അടിച്ചുമാറ്റിയത്.

ജാര്‍ഖണ്ഡിലെ ജാംതാരയിലെ ഏഴ് സംഘങ്ങളാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയ സൈബര്‍ ഡോം ഇവരുടെ വിവരങ്ങള്‍ ജാര്‍ഖണ്ഡ് ഡി.ജി.പിക്കും റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും അയച്ചിട്ടുണ്ട്. സൈബര്‍ പൊലീസ് 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പ്രത്യേക അന്വേഷണ സംഘത്തെ ജാര്‍ഖണ്ഡിലേക്ക് അയയ്ക്കുമെന്നും സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

atm cards

ഡിജിറ്റല്‍ ഇന്ത്യ വ്യാപകമായതോടെ വിവിധ ബാങ്കുകളുടെ 59 ആപ്പുകളിലൂടെ ഇപ്പോള്‍ പണം ആര്‍ക്കും കൈമാറാന്‍ പറ്റും. മൊബൈല്‍ നമ്പരിലേക്ക് എസ്.എം.എസ് അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഫോണ്‍ വിളിയെത്തും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ റീ ആക്ടിവേറ്റ് ചെയ്യാനാണെന്ന് അറിയിക്കും.

മൊബൈലില്‍ ലഭിച്ച സന്ദേശം ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പരിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെടും. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള നമ്പര്‍ അറിയാനാണിത്. മൊബൈല്‍ നമ്പരുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തും. അതേസമയം, തട്ടിപ്പുകാരന്‍ ബാങ്കിന്റെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത്, സന്ദേശം ലഭിച്ച നമ്പര്‍ അതില്‍ രജിസ്റ്റര്‍ ചെയ്തിരിക്കും.

തട്ടിപ്പുകാരന്റെ ഫോണിലെ വെര്‍ച്വല്‍ ഐ.ഡിയില്‍ ഈ അക്കൗണ്ടുകള്‍ ലിങ്ക് ആവും. ഈ സമയം എംപിന്‍ ജനറേറ്റ് ചെയ്യാനുള്ള ഒറ്റത്തവണ പാസ്‌വേര്‍ഡ് അക്കൗണ്ട് ഉടമയുടെ ഫോണിലെത്തും. ഈ നമ്പര്‍ പറഞ്ഞുകൊടുക്കാന്‍ തട്ടിപ്പുകാരന്‍ ആവശ്യപ്പെടും. ഒ.ടി.പി ലഭിക്കുന്നതോടെ എത്ര പണമിടപാട് വേണമെങ്കിലും തട്ടിപ്പുകാരന് നടത്താനുമാകും.

ഇപ്പോള്‍, തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ളവരാണ് തട്ടിപ്പിനിരയായത്. നാല് ഇടപാടുകളിലൂടെ ഒരു ഡോക്ടറുടെ 2 ലക്ഷമാണ് തട്ടിയെടുത്തത്. കോട്ടയത്തെ കോളേജ് അദ്ധ്യാപകരും കൊച്ചിയിലെ വിദ്യാര്‍ത്ഥിയും തട്ടിപ്പിനിരയായി. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തിട്ടും ചിലര്‍ക്ക് പണം നഷ്ടമായി.

Online News

പണമിടപാട് ആപ്ലിക്കേഷനുകള്‍ വെര്‍ച്വല്‍ ഐ.ഡി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയാണ്. അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ ലഭിച്ചാല്‍ എത്ര വെര്‍ച്വല്‍ ഐ.ഡികള്‍ വേണമെങ്കിലും കൃത്രിമമായി സൃഷ്ടിക്കാം. ആകെ വേണ്ടത് ഒറ്റത്തവണ പാസ്‌വേര്‍ഡ് മാത്രമാണ്.

അക്കൗണ്ട് ഉടമകള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ പുതിയ കാലത്ത് വലിയ പ്രഹരമാകും ഏല്‍ക്കേണ്ടി വരിക. ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് സമ്പാദിച്ചത് മുഴുവന്‍ ഒരു നിമിഷം കൊണ്ടു കവരാന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിനു കഴിയും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിവസവും നിരവധി കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന് മാത്രമാണ് തട്ടിപ്പിനെ കുറിച്ച് ചോദിക്കുമ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥരും നല്‍കുന്ന മറുപടി

Top