1000 പേർക്ക് ഹിയറിങ് എയ്ഡുകൾ; പദ്ധതി ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : കേള്‍വി പരിമിതിയുള്ള 1000 പേർക്ക് ഇയര്‍മോള്‍ഡോട് കൂടിയ ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ വിതരണം ചെയ്യുന്ന പദ്ധതി നവംബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജയാണ് വികലാംഗക്ഷേമ കോര്‍പറേഷന്റ ‘ശ്രവണ്‍’ പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. നവംബര്‍ ഒന്നിന് രാവിലെ 11.45-ന് ഓണ്‍ലൈന്‍ വഴിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക.

ശ്രവണ സഹായികള്‍ക്കായി നിരവധി അപേക്ഷകളാണ് ലഭിച്ചുകൊണ്ടിരുന്നത്. ഈ സാഹചര്യത്തിലാണ് അടിയന്തിരമായി 1000 പേര്‍ക്ക് ഗുണനിലവാരമുള്ള ഡിജിറ്റല്‍ ശ്രവണ സഹായികള്‍ ഇയര്‍മോള്‍ഡോഡു കൂടി വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം വിവിധ ജില്ലകളില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തി ശ്രവണ സഹായികള്‍ വിതരണം ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ സൗജന്യമായി ചലന പരിമിതിയുള്ള 1,500 ഓളം പേര്‍ക്ക് മുച്ചക്ര വാഹനവും കാഴ്ച പരിമിതിയുള്ള 1000 പേര്‍ക്ക് സ്മാര്‍ട്ട് ഫോണും നല്‍കിയിരുന്നു. കൂടാതെ 120ഓളം സഹായ ഉപകരണങ്ങള്‍ കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസ് വഴിയും ഉപകരണ നിര്‍മാണ യൂണിറ്റായ എംആര്‍എസ്ടി വഴിയും റീജിയണല്‍ ഓഫീസുകള്‍ വഴിയും വിവിധ ജില്ലകളില്‍ ക്യാമ്പുകള്‍ നടത്തിയും വിതരണം ചെയ്തു വരികയാണ്. ഇതുകൂടാതെയാണ് 1000 പേര്‍ക്ക് ഡിജിറ്റല്‍ ശ്രവണ സഹായികള്‍ വിതരണം ചെയ്യുന്നത്.

Top