ദിഗംബര്‍ കമ്മത്ത് ബിജെപിയില്‍ ചേരുമെന്നത് അഭ്യൂഹം മാത്രമാണെന്ന് ബിജെപി

പനാജി: ഗോവ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ദിഗംബര്‍ കമ്മത്ത് ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി ബിജെപി. അഭ്യൂഹങ്ങളെ തള്ളിക്കളയുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് ശര്‍മ്മദ് പൈ റൈത്തുകാര്‍ പറഞ്ഞു.

ബിജെപിക്ക് 25 അംഗങ്ങളുടെ പിന്തുണയുള്ള സര്‍ക്കാരാണുള്ളത്. അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നും അതിലില്ല. വരുന്ന റിപ്പോര്‍ട്ടുകളില്‍ സത്യമില്ലെന്നും ശര്‍മ്മദ് പൈ റൈത്തുകാര്‍ പറഞ്ഞു.
കമ്മത്ത് നേരത്തെ ബിജെപി എംഎല്‍എയും മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ അടുത്ത അനുയായിയുമായിരുന്നു. പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. മനോഹര്‍ പരീക്കര്‍ സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ വലിയ പങ്കും കമ്മത്തിനായിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു കമ്മത്ത്. തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതോടെ കമ്മത്തിനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ചില്ല. മൈക്കല്‍ ലോബോയെന്ന എംഎല്‍എയെയാണ് പ്രതിപക്ഷ നേതാവാക്കിയത്. ഇതില്‍ കമ്മത്തിന് അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് വിവരം. ഇതിനെ തുടര്‍ന്ന് ബിജെപിയില്‍ ചേരുന്നതുള്‍പ്പെടെ കമ്മത്ത് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Top