സ്വപ്‌നയുടെ ശബ്ദ സന്ദേശം ജയിലില്‍ നിന്ന് റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ഡിഐജി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ പേരില്‍ പുറത്തുവന്ന ശബ്ദ സന്ദേശം ജയിലില്‍ നിന്ന് റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ജയില്‍ ഡിഐജി. അട്ടക്കുളങ്ങര ജയിലില്‍ പരിശോധന നടത്തിയ ശേഷമാണ് ജയില്‍ ഡിഐജിയുടെ പ്രതികരണം. ഉറപ്പായിട്ടും പുറത്തുവന്ന ശബ്ദസന്ദേശം ജയിലില്‍ നിന്നുള്ളതല്ല. പുറത്ത് വെച്ച് സംഭവിച്ചതാണെന്നും ഡിഐജി പറഞ്ഞു.

അതേസമയം ശബ്ദം തന്റേതാണെന്ന് സ്വപ്ന ഡിഐജി അജയകുമാറിനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ എപ്പോഴാണ് ഇത് റെക്കോര്‍ഡ് ചെയ്തതെന്ന് ഓര്‍മ്മയില്ലെന്നാണ് സ്വപ്ന പറഞ്ഞതെന്നും ഡിഐജി വ്യക്തമാക്കി. പുറത്തുവന്നത് ശബ്ദ സന്ദേശം സ്വപ്നയുടേതാണോ എന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്ന ജയില്‍ ഡിജിപി ഋഷിരാജ് സിങ് അറിയിച്ചു.

ഇന്ന് രാവിലെയാണ് ഋഷിരാജ് സിങ് ശബ്ദ സന്ദേശം പുറത്തുവന്നത് സംബന്ധിച്ച അന്വേഷണത്തിന് ഡിഐജി അജയകുമാറിനെ ചുമതലപ്പെടുത്തിയത്. ഇന്നു തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. ഇതിനിടെ ഇഡിയും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.

Top