കേരളത്തിലെ പൊലീസ് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരെയും തല്ലുകയാണെന്ന് . .

ramesh chennithala

കോട്ടയം: സി.പി.ഐ എറണാകുളം ജില്ലാ കമ്മറ്റി ഡി.ഐ.ജി ഓഫീസ് മാര്‍ച്ചില്‍ എംഎല്‍എയെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഐ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിന്റെ വികലമായ പൊലീസ് നയത്തിന്റെ ചിത്രമാണ് പുറത്തു വന്നതെന്നും ഈ നയത്തെ സിപിഐ അംഗീകരിക്കുന്നുണ്ടോ എന്നാണ് വ്യക്തമാക്കേണ്ടതെന്നും മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ചെന്നിത്തല പറഞ്ഞു.

സമരം ചെയ്തവരെ മര്‍ദ്ദിക്കുകയും അവര്‍ക്കെതിരെ കേസെടുക്കുകയുമാണുണ്ടായത്. കേരളത്തിലെ പൊലീസ് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരെയും തല്ലുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ താന്‍ യോഗ്യനല്ലെന്ന് പിണറായി വിജയന്‍ ഓരോ ദിവസവും തെളിയിക്കുകയാണെന്നും ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ സെക്രട്ടറി പി.രാജു, എല്‍ദോ എബ്രഹാം എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന കമ്മറ്റി അംഗം ഉള്‍പ്പെടെ 10 പേരാണ് പ്രതികള്‍.

800 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കല്ലും കട്ടയും കുറുവടിയുമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചിന് എത്തിയത്. മാര്‍ച്ചിന് അനുമതിയില്ലെന്ന് പൊലീസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.

അതേസമയം സിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് ലാത്തിച്ചാര്‍ജിന് പിന്നില്‍ ഗൂഢാലോചനയെന്ന് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പി.രാജു. പൊലീസിന്റെ ശരിയായ നടപടിയല്ലെന്നും കേസ് അട്ടിമറിക്കാന്‍ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

Top