difteria; KK shailaj reply for chennithala

തിരുവനന്തപുരം: വടക്കന്‍ മേഖലയില്‍ ഡിഫ്തീരിയ പടര്‍ന്നുപിടിക്കുന്ന സംഭവത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. എം.ഉമ്മറാണ് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണണെന്ന ആവശ്യമുന്നയിച്ചത്.

അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കിയ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഡിഫ്തീരിയ പടര്‍ന്നുപിടിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സഭയെ അറിയിച്ചു.

വടക്കന്‍ ജില്ലകളില്‍ അന്ധവിശ്വാസങ്ങളുടെ ഭാഗമായി ഡിഫ്തീരിയ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ ചിലര്‍ മടികാണിച്ചിരുന്നു. ഇതു തടയുന്നതിന് വിവിധ സംഘടനകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും സഹായത്തോടെ ബോധവത്കരണം നടത്തുന്നുണ്ടെന്നും നടപടികള്‍ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തി രേഖപ്പെടുത്തി സ്പീക്കര്‍ അടിയന്തരപ്രമേയ നോട്ടീസ് തള്ളി.

ഡിഫ്തീരിയ തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കണമെന്നും സ്‌കൂള്‍ പ്രവേശനത്തിന് ഡിഫ്തീരിയ പ്രതിരോധ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തി രേഖപ്പെടുത്തിയ പ്രതിപക്ഷം മറ്റ് പ്രതിഷേധങ്ങള്‍ക്ക് മുതിര്‍ന്നില്ല.

Top