ഭിന്നശേഷിക്കാരുടെ ലോക ട്വന്റി- 20; ഇംഗ്ലണ്ടിനെ തോല്‍പിച്ച് ഇന്ത്യയ്ക്കു കിരീടം

ലണ്ടന്‍: ഭിന്നശേഷിക്കാരുടെ ലോക ട്വന്റി- 20 ക്രിക്കറ്റ് പരമ്പരയില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പിച്ച് ഇന്ത്യയ്ക്കു കിരീടം. ആവേശകരമായ ഫൈനലില്‍ ഇംഗ്ലണ്ടിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 7ന് 180, ഇംഗ്ലണ്ട് 20 ഓവറില്‍ 9 വിക്കറ്റിന് 144. ടീമിലെ ഏക മലയാളിതാരമായ ഇടംകൈ സ്പിന്നര്‍ അനീഷ് ഒരു വിക്കറ്റെടുത്തു. 2 റണ്ണൗട്ടുകള്‍ക്കു വഴിയൊരുക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കു കുതിപ്പേകിയതു രവീന്ദ്ര സാന്റെയും സുഗനേഷ് മഹേന്ദ്രനുമാണ്. 34 പന്തില്‍ 53 റണ്‍സുമായി സാന്റെ തകര്‍ത്തടിച്ചു മുന്നേറിയപ്പോള്‍ വെറും 11 പന്തില്‍ 33 റണ്‍സുമായി മിന്നല്‍വേഗത്തില്‍ സുഗനേഷ് ഇന്ത്യന്‍ ഇന്നിങ്‌സിനെ തോളിലേറ്റി. ഓപ്പണര്‍ കുനാല്‍ ഫനാസെയും (36) ക്യാപ്റ്റന്‍ വിക്രാന്‍ കെനിയും (29) മികച്ച പ്രകടനമാണു നടത്തിയത്. അനീഷ് രാജനു ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടി വന്നില്ല.

മറുപടിയില്‍ ഓപ്പണര്‍മാരായ അലക്‌സ് ബ്രൗണും (44) ജയിംസ് ഗുഡ്വിനും (17) ഇംഗ്ലണ്ടിനു മികച്ച തുടക്കമാണു നല്‍കിയത്. രണ്ടാം വിക്കറ്റില്‍ ബ്രൗണും ഫ്‌ലിന്നും (28) ഇന്ത്യന്‍ ബോളിങ് നിരയെ അനായാസം നേരിട്ട് 66 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും ബ്രൗണിനെ വീഴ്ത്തി സണ്ണി ഗൊയാട്ട് ഇന്ത്യയ്ക്കു ബ്രേക്ക്ത്രൂ നല്‍കി. പിന്നീട് തുടരെത്തുടരെ വിക്കറ്റ് വീഴ്ത്തി ഇന്ത്യ മത്സരത്തിലേക്കു തിരിച്ചുവന്നു.

Top