അനീഷിന്റെ പ്രതികാരം;അന്ന് ആക്ഷേപിച്ചവര്‍ ഇന്ന് അവന്റെ പേരില്‍ അഭിമാനം കൊള്ളുന്നു…

ഇടുക്കി:ഭിന്നശേഷിക്കാരുടെ ലോക ട്വന്റി- 20 ക്രിക്കറ്റ് പരമ്പരയില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പിച്ച് ഇന്ത്യ കിരീടം സ്വന്തമാക്കിയപ്പോള്‍ മലയാളികള്‍ക്ക് അഭിമാനമായി ഒരു ഇടുക്കിക്കാരനും ഉണ്ടായിരുന്നു ഇന്ത്യന്‍ ടീമില്‍. ടീമിലെ ഏക മലയാളിതാരമായ ഇടംകൈ സ്പിന്നര്‍ അനീഷ് രാജനായിരുന്നു ആ താരം.

ഇന്ത്യ ബംഗ്ലാദേശിനെ തൂത്ത് എറിഞ്ഞപ്പോള്‍ അതിന്റെ ചുക്കാന്‍ പിടിച്ച് 5 വിക്കറ്റ് എടുത്ത് കളിയിലെ കേമന്‍ ആയ ആ ഇടുക്കിക്കാരനെ കുറിച്ചുള്ള സുഹൃത്തിന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ക്ലബ് ക്രിക്കറ്റ് കളിക്കാന്‍ പോയി തിരിച്ച് വന്ന അനീഷ് ടീച്ചറോട് അന്റന്‍ഡന്‍സ് ചോദിച്ച് ചെന്നപ്പോള്‍ ‘നീ എന്താടാ ഇന്ത്യന്‍ ടീമിന് വേണ്ടി ആണോ കളിക്കാന്‍ പോയത്.പോയി ഒരു കൊല്ലം കൂടി ആ ക്ലാസ്സില്‍ ഇരിക്കടാ ‘ എന്നായിരുന്നു ടീച്ചറുടെ മറുപടി എന്നാണ് സുഹൃത്ത് തന്റെ കുറിപ്പില്‍ പറയുന്നത്.

ക്രിക്കറ്റ് കളിക്കാന്‍ പോയതിന്റെ പേരില്‍ ആക്ഷേപം നേരിട്ട് , ഇന്ന് അതേ ക്രിക്കറ്റ് കളിച്ച് രാജ്യത്തിന്റെയും അവന്‍ പഠിച്ച കോളേജിന്റെയും യശസ്സ് ഉയര്‍ത്തിയ താരം ആയി മാറുമ്പോള്‍ അന്ന് അവനെ കുറ്റപ്പെടുത്തി ഇറക്കി വിട്ട അതേ അധ്യാപകര്‍ക്ക് ഇന്ന് അഭിമാനഭാരത്താല്‍ തല കുനിഞ്ഞു പോകുന്നു എന്നും കുറിപ്പില്‍ പറയുന്നു.

അനീഷിന്റെ ജീവിതത്തെ കുറിച്ച് സുഹൃത്ത് എഴുതിയ കുറിപ്പ്

അനീഷിന്റെ പ്രതികാരം

‘ നീ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ പോയിട്ടാണോ ഡാ ഇപ്പൊ അറ്റന്റന്‍സ് ചോദിച്ചു വരുന്നത്. പോയി ഒന്ന് കൂടെ ഒരു കൊല്ലം പഠിക്കഡാ…’

പ്രിയപ്പെട്ട അനീഷ് രാജന്‍. എന്റെ സഹപാഠി. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ഓള്‍ഡ് എലിസബത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന ഫിസിക്കല്‍ ഡിസബിലിറ്റി ഠ20 വേള്‍ഡ് കപ്പ് മത്സരത്തില്‍ന ഇന്ത്യ ബംഗ്ലാദേശിനെ തൂത്ത് എറിഞ്ഞപ്പോള്‍ അതിന്റെ ചുക്കാന്‍ പിടിച്ച് 5 വിക്കറ്റ് എടുത്ത് കളിയിലെ കേമന്‍ ആയ മ്മുടെ ഇടുക്കിക്കാരന്‍ ചങ്ങായി.

ഇന്ത്യ അഫ്ഗാനിസ്ഥാന് എതിരെ മികച്ച വിജയം നേടിയപ്പോള്‍ ബാറ്റിങ്ങിലൂടെയും ബൗളിംഗിലൂടെയും മികച്ച പ്രകടനം നടത്തി കളിയിലെ കേമനായ മലയാളികളുടെ അഭിമാനം. ക്രിക്കറ്റിനോടുള്ള കടുത്ത അഭിനിവേശത്തില്‍ എഞ്ചിനീറിങ് പഠനം പലപ്പോഴും നഷ്ടപ്പെടുത്തി പിന്നീട് നേടിയെടുത്ത മെക്കാനിക്കല്‍ എഞ്ചിനിയര്‍.

ഇന്നും ഞാന്‍ ഓര്‍ക്കുന്നു ആ ദിനം. ക്ലബ്ബ് ക്രിക്കറ്റ് കളിക്കാന്‍ കോളേജിന്റെ അനുമതിയോട് കൂടി പോയി തിരിച്ച് കളിക്കാന്‍ പോയതിന്റെ അറ്റന്റ്‌റനസ് ചോദിച്ചു വന്നപ്പോള്‍ ‘ നീ എന്താടാ ഇന്ത്യന്‍ ടീമിന് വേണ്ടി ആണോ കളിക്കാന്‍ പോയത്.പോയി ഒരു കൊല്ലം കൂടി ആ ക്ലാസ്സില്‍ ഇരിക്കടാ ‘ എന്നും പറഞ്ഞ് മെക്കാനിക്കല്‍ ഡിപ്പാര്‍ട്മെന്റിലെ ആ ‘പ്രമുഖ ‘ ടീച്ചര്‍ ആക്ഷേപിച്ച് ഇറക്കി വിട്ടപ്പോള്‍ സ്റ്റാഫ് റൂമില്‍ നിന്ന് മൂകനായി ഇറങ്ങി വന്ന അനീഷിന്റെ മുഖം.

ഇത് ഒരു പ്രതികാരത്തിന്റെ കഥ മാത്രമല്ല , ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഇടുക്കിക്കാരന്‍ പയ്യന്‍ എറണാകുളം ജില്ലയിലെ കൊലഞ്ചേരിയില്‍ പഠിക്കാന്‍ വന്ന് , ക്രിക്കറ്റ് കളിക്കാന്‍ പോയതിന്റെ പേരില്‍ ആക്ഷേപം നേരിട്ട് , ഇന്ന് അതേ ക്രിക്കറ്റ് കളിച്ച് രാജ്യത്തിന്റെയും അവന്‍ പഠിച്ച കോളേജിന്റെയും യശസ്സ് ഉയര്‍ത്തിയ താരം ആയി മാറുമ്പോള്‍ അന്ന് അവനെ കുറ്റപ്പെടുത്തി ഇറക്കി വിട്ട അതേ അധ്യാപകര്‍ക്ക് ഇന്ന് അഭിമാനഭാരത്താല്‍ തല കുനിഞ്ഞു പോകുന്നു.

അതേ ഇത് അവര്‍ക്ക് മാത്രം അല്ല വിദ്യാഭ്യാസ കാലത്ത് കളിക്കാനും , അഭിനയിക്കാനും , പാട്ട് പാടാനും ഒക്കെ പോകുമ്പോള്‍ ആവരെ ചേര്‍ത്ത് നിര്‍ത്തി പ്രചോദനം കൊടുക്കേണ്ടവര്‍ അകറ്റി നിര്‍ത്തി ആക്ഷേപിക്കുമ്പോള്‍ ഓര്‍ക്കുക അനീഷ് രാജന്‍ അവര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ്. മറ്റ് അനേകം ആളുകള്‍ക്ക് അത് ചെയ്യാതിരിക്കാനുള്ള ഓര്‍മ്മപ്പെടുത്തല്‍.

Top