വയനാട്ടില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പരാതി നല്‍കി

വയനാട്: ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ലൈംഗികചൂഷണത്തിന് ഇരയായെന്ന് പരാതി. സ്ഥാപനത്തിലെ ജീവനക്കാരാണ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നല്‍കിയത്.

പരാതിയെ തുടര്‍ന്ന് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം പൂട്ടാന്‍ സാമൂഹിക നീതി വകുപ്പ് നിര്‍ദേശം നല്‍കി. തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ വിവിധ കോഴ്‌സുകളിലായി ഭിന്നശേഷിക്കാരായ 25 വിദ്യാര്‍ത്ഥികളാണ് പഠിച്ചിരുന്നത്. ടീച്ചര്‍മാരടക്കം 15 ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. ട്രസ്റ്റ് അധികൃതരില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായെന്ന് ഒന്‍പത് ജീവനക്കാരാണ് പരാതി നല്‍കിയത്.

വിദ്യാര്‍ത്ഥികള്‍ ലൈംഗിക ചൂഷണത്തിനിരയായെന്ന പരാതി, ജില്ലാ ലീഗല്‍സര്‍വീസ് അതോറിറ്റി ജില്ലാപോലീസ് മേധാവിക്ക് കൈമാറി.സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഞ്ചായത്ത് നല്‍കിയ റിപ്പോര്‍ട്ടില്‍ സ്ഥാപനത്തിന് നിയമപരമായി പ്രവര്‍ത്തനം തുടരാന്‍ അനുമതിയില്ലെന്ന് വ്യക്തമാക്കുന്നു. തുടര്‍ന്ന് ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സ്ഥാപനം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. അതേസമയം തൊഴില്‍ പരിശീലന കേന്ദ്രം ചെയര്‍മാന്‍ ആരോപണങ്ങള്‍ നിഷേധിച്ചു.

Top