ഭിന്നതാല്‍പര്യ വിഷയം; കപില്‍ ദേവിന് പിന്നാലെ അന്‍ഷുമാന്‍ ഗെയ്ക്ക്വാദും രാജി സമര്‍പ്പിച്ചു

ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതിയുടെ ഭാവി അനിശ്ചിതത്വത്തില്‍. ഭിന്നതാല്‍പര്യ വിഷയത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ശാന്ത രംഗസ്വാമിയും കില്‍ ദേവും രാജിവെച്ചതിന് പിന്നാലെ അന്‍ഷുമാന്‍ ഗെയ്ക്ക്വാദും രാജി സമര്‍പ്പിച്ചതോടയാണ് സമിതിയിയുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഇതേ തുടര്‍ന്ന് ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തലവന്‍ വിനോദ് റായി ഉപദേശക സമിതി ഇനി നിലവിലില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്ജീവ് ഗുപ്തയാണ് ബി.സി.സി.ഐ ഉപദേശക സമിതി അംഗങ്ങളായ മുന്‍ ഇന്ത്യന്‍ താരം കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ക്കെതിരേ ഭിന്നതാല്‍പര്യം ചൂണ്ടിക്കാട്ടി പരാതിനല്‍കിയത്. ഇന്ത്യന്‍ ടീം പരിശീലകന്‍ രവിശാസ്ത്രിയെ തിരഞ്ഞെടുത്തത് ഈ കമ്മിറ്റിയായിരുന്നു.

ബി.സി.സി.ഐ ഭരണഘടനയനുസരിച്ച് ഒരംഗത്തിന് ഒരേസമയം ഒന്നില്‍ കൂടുതല്‍ പദവികള്‍ വഹിക്കാനാവില്ല. എന്നാല്‍ ഉപദേശക സമിതി അംഗങ്ങള്‍ ഇത്തരത്തില്‍ ഒന്നില്‍ കൂടുതല്‍ പദവികള്‍ വഹിക്കുന്നുണ്ടെന്നായിരുന്നു പരാതി. സമിതിയംഗങ്ങള്‍ ഭിന്നതാല്‍പര്യ വിഷയത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടെന്നു കണ്ടെത്തിയാല്‍ ഇവര്‍ നടത്തിയ നിയമനങ്ങളും അസാധുവാകും.

ഭരണഘടനയനുസരിച്ച് സമിതിയംഗങ്ങള്‍ യോഗ്യത ഇല്ലാതെയാണ് പരിശീലക സ്ഥാനത്തേയ്ക്ക് രവിശാസ്ത്രിയെ തെരഞ്ഞെടുത്തതെങ്കില്‍ ഇതും ഉടന്‍ ചോദ്യം ചെയ്യപ്പെട്ടേക്കും അങ്ങനെയെങ്കില്‍ ശാസ്ത്രിയെ പരിശീലക സ്ഥാനത്തുനിന്നും മാറ്റിയശേഷം നടപടിക്രമങ്ങളനുസരിച്ച് പുനര്‍നിയമനം നടത്താനാണ് സാധ്യത.

Top