പണിമുടക്കിയാല്‍ ശമ്പളമില്ല; കെഎസ്ആര്‍ടിസിയില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സംഘനകളുടെ പണിമുടക്കുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ജോലിക്ക് ഹാജരായില്ലെങ്കില്‍ ഡയസ്‌നോണായി കണക്കാക്കി ശമ്പളം പിടിക്കും. 5,6 തീയതികളില്‍ ഒരു ഉദ്യോഗസ്ഥനെങ്കിലും മുഴുവന്‍ സമയവും ഉണ്ടായിരിക്കണം.

അതേസമയം, ഇന്ന് അര്‍ധരാത്രി മുതല്‍ ശനിയാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കുന്നത്. ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും ബിഎംഎസിന്റെ എംപ്ലോയീസ് സംഘവും ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂര്‍ പണിമുടക്കും.

എന്നാല്‍, ജീവനക്കാരുടെ ആവശ്യങ്ങള്‍ തള്ളിയിട്ടില്ലെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. ശമ്പള പരിഷ്‌കരണം സര്‍ക്കാരിന് പ്രതിമാസം 30 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും. ധനമന്ത്രിയും മുഖ്യമന്ത്രിയുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാവകാശം തേടിയപ്പോള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി പണിമുടക്ക് പ്രഖ്യാപിച്ചത് ശരിയല്ലെന്നും ഗതാഗത മന്ത്രി കുറ്റപ്പെടുത്തി.

Top