ജൈവ ഇന്ധനത്തിലൂടെ പെട്രോള്‍-ഡീസല്‍ വില 50 രൂപയാക്കാമെന്ന് നിതിന്‍ ഗഡ്കരി

Nithin Gadkari

റായ്പൂര്‍: ബദല്‍ ഇന്ധനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ പെട്രോള്‍ വില 50 രൂപയില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ജൈവ ഇന്ധനത്തിന്റെ ഉപയോഗവും നിര്‍മ്മാണവും വര്‍ദ്ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെട്രോളിനും ഡീസലിനും പകരം ജൈവ ഇന്ധനങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ തയ്യാറായാല്‍ വിലനിയന്ത്രണം സാധ്യമാകും. കാര്‍ഷിക രംഗത്ത് ഛത്തീസ്ഗഡിന് പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നില്ല. ഓരോ വര്‍ഷവും ഉല്‍പ്പാദനം പുറകോട്ട് പോകുകയാണ്. പക്ഷേ, ജൈവ ഇന്ധന ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന് ഒരു ഹബ്ബായി മാറാന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കാന്‍ ഛത്തീസ്ഗഡില്‍ എത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. 4,251 കോടി രൂപയുടെ പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.

ഛത്തീസ്ഗഡിലെ ജത്രോഫ പ്ലാന്റില്‍ നിന്നുള്ള ജൈവ ഇന്ധനമാണ് രാജ്യത്തെ ആദ്യ ജൈവ ഇന്ധന വിമാനത്തില്‍ ഉപയോഗിച്ചത്. ഈ രംഗത്തെ മുന്നേറ്റം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും കര്‍ഷകര്‍, ആദിവാസികള്‍ തുടങ്ങിയവരുടെ ഉന്നമനത്തിന് കാരണമാകുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

ജൈവ ഇന്ധനത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിനായി റായിപൂരില്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എഥനോള്‍, മെഥനോള്‍, സിഎന്‍ജി തുടങ്ങിയവയുടെ ഉപയോഗം പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം കുറയ്ക്കുകയും അതുവഴി വിലവര്‍ദ്ധനവ്‌ തടഞ്ഞ് നിര്‍ത്തുകയും ചെയ്യും. 8 ലക്ഷം കോടി രൂപയുടെ ഇന്ധനമാണ് രാജ്യം ഇറക്കുമതി ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

5 എഥനോള്‍ പ്ലാന്റുകള്‍ പെട്രോളിയം മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. വയ്‌ക്കോല്‍, ഗോതമ്പ് ചെടി, കരിമ്പിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങിയവയാണ് ഇതിനു വേണ്ട അസംസ്‌കൃത വസ്തുക്കള്‍. അതുകൊണ്ട് തന്നെ രാജ്യത്തെ ജനങ്ങള്‍ക്ക് 50 രൂപയ്ക്ക് പെട്രോള്‍ നല്‍കാനാകുമെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അവകാശപ്പെട്ടു.

Top