ഡീസല്‍ വാഹനങ്ങള്‍ക്ക് വില കൂടും; നിതിന്‍ ഗഡ്കരി

ദില്ലി: ഡീസല്‍ വാഹനങ്ങള്‍ക്ക് പത്ത് ശതമാനം ജിഎസ്ടി വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്യുമെന്ന് നിതിന്‍ ഗഡ്കരി. 10 ശതമാനം മലിനീകരണ നികുതി ചുമത്താന്‍ ധനമന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കും. ഡീസല്‍ വാഹന ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം. ഡീസല്‍വാഹന നിര്‍മാണ കമ്പനികളുടെ ഓഹരി മൂല്യം ഇടിഞ്ഞു. നിര്‍ദേശമടങ്ങിയ കത്ത് ധനമന്ത്രിക്ക് ഇന്ന് വൈകിട്ടോടെ കൈമാറും.

ഡല്‍ഹിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലിനീകരണം തടയുന്നതിനും ഇന്ത്യന്‍ നിരത്തുകളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി.’ഡീസല്‍ വളരെ അപകടകരമായ ഇന്ധനമാണ്. ഇതില്‍ നിന്നുള്ള വേഗത്തിലുള്ള പരിവര്‍ത്തനമാണ് രാജ്യം ആഗ്രഹിക്കുന്നത്.

ഡീസല്‍ ഉപയോഗം കുറക്കാന്‍ ഓട്ടോമൊബൈല്‍ കമ്പനികള്‍ തന്നെ മുന്‍കൈയെടുക്കണം. ഡീസലിനോട് വിട പറഞ്ഞ് അവ നിര്‍മിക്കുന്നത് നിര്‍ത്തണം. അല്ലാത്തപക്ഷം, ഡീസല്‍ വാഹനങ്ങളുടെ വില്‍പന കുറക്കാനായി സര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കും’- ഗഡ്കരി വ്യക്തമാക്കി.

Top