രാജ്യാന്തരവിപണിയില്‍ എണ്ണവിലയില്‍ ഇടിവ്; എന്നിട്ടും രാജ്യത്ത് വില കുറയുന്നില്ല

കൊച്ചി: രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ വലിയ ഇടിവുണ്ടായിട്ടും രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകളില്‍ കുറവില്ല. 30 ശതമാനത്തിനു മുകളില്‍ ഒരു ദിവസംതന്നെ എണ്ണവില ഇടിഞ്ഞതിന്റെ പിറ്റേന്നും രാജ്യത്തെ എണ്ണക്കമ്പനികള്‍ പെട്രോളിനും ഡീസലിനും കുറച്ചത് 25 പൈസ. 72.23 രൂപയാണു കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് 66 രൂപ 55 പൈസയും.

രാജ്യത്ത് പ്രതിദിനം പെട്രോള്‍, ഡീസല്‍ വിലകള്‍ നിശ്ചയിക്കുന്നത് എണ്ണക്കമ്പനികളാണ്. വില നിര്‍ണയത്തില്‍ ഒട്ടേറെ ഘടകങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവില തന്നെ. രണ്ടാമതായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതി (പെട്രോളും ഡീസലും ഇപ്പോഴും ജിഎസ്ടിക്കു പുറത്താണ്). കൂടാതെ ഇന്ധനം ഉപയോക്താക്കളിലെത്തുമ്പോള്‍ ഡീലര്‍മാരുടെ കമ്മിഷനും മൂല്യവര്‍ധിത നികുതിയും കൂടി നല്‍കേണ്ടതുണ്ട്.

കേന്ദ്ര, സംസ്ഥാന നികുതികള്‍ വളരെ കൂടുതലായതിനാലാണ് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരത്തില്‍ നില്‍ക്കുന്നത്. ഇന്ധനത്തില്‍ നിന്നുള്ള നികുതിയാണു സര്‍ക്കാരുകളുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്ന്. 100 ശതമാനത്തിനു മുകളിലാണ് നിലവില്‍ നികുതി. 2017 ജൂണ്‍ മുതലാണ് എണ്ണവില ദിവസംതോറും നിശ്ചയിക്കുന്ന രീതിക്കു തുടക്കമിട്ടത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ദിവസംതോറും വില നിശ്ചയിക്കുന്ന സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടത് എണ്ണക്കമ്പനികള്‍ തന്നെയാണ്. എങ്കിലും ഇപ്പോഴും രണ്ടാഴ്ചത്തെ ശരാശരി വിലയാണ് ഇന്ധനവില നിശ്ചയിക്കുന്നത്.

നികുതി ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ കഴിഞ്ഞ ദിവസമുണ്ടായ വിലയിടിവിന് ആനുപാതികമായി കുറഞ്ഞാലും പെട്രോള്‍, ഡീസല്‍ വിലകളില്‍ പരമാവധി കുറയുക 12 രൂപ വരെയാണ്. ക്രൂഡ് വില കുറഞ്ഞ സാഹചര്യത്തില്‍ എക്‌സൈസ് നികുതി കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വിലയിടിവിന്റെ പ്രയോജനം ജനങ്ങളിലെത്തുകയുമില്ല. കൂടാതെ കൊറോണ വൈറസ് ഭീതി വിപണികളില്‍ നിലനില്‍ക്കുന്നതിനാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയാണ്. രൂപയുടെ മൂല്യത്തകര്‍ച്ച എണ്ണ ഇറക്കുമതിയുടെ ചെലവു കൂട്ടുകയും ചെയ്യും.

Top