രൂപയുടെ മൂല്യത്തകര്‍ച്ച;സംസ്ഥാനങ്ങള്‍ക്ക് 22,702 കോടി രൂപ അധിക നികുതി ലാഭം

കൊച്ചി : രൂപയുടെ മൂല്യത്തകര്‍ച്ചയും, അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും മൂലം ഈ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 22,702 കോടി രൂപ അധിക നികുതി ലാഭം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗത്തിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ബജറ്റില്‍ ഉള്‍പ്പെടാത്ത ഈ അധിക ലാഭം ഉപയോഗിച്ചു സംസ്ഥാനങ്ങള്‍ക്ക് പെട്രോള്‍, ഡീസല്‍ വിലകളില്‍ കുറവു വരുത്താനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ധനത്തിനേര്‍പ്പെടുത്തുന്ന ഉയര്‍ന്ന വാറ്റ് നികുതിയാണ് ഈ ലാഭത്തിനു പിന്നിലുള്ളത്.

വില ഒരു ഡോളര്‍ കൂടുമ്പോള്‍ 19 പ്രമുഖ സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്ന ശരാശരി അധികലാഭം 1513 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതു സംസ്ഥാനങ്ങളുടെ കറന്റ് അക്കൗണ്ട് കമ്മി 0.15 മുതല്‍ 0.20 വരെ ശതമാനം കുറയ്ക്കും. ഈ ലാഭമുപയോഗിച്ച്, ബജറ്റിനെ ബാധിക്കാത്ത തരത്തില്‍ പെട്രോള്‍ വില ലീറ്ററിന് ശരാശരി 3.20 രൂപ വരെയും, ഡീസല്‍ വില 2.5 രൂപ വരെയും കുറയ്ക്കാനാകുമെന്നാണു പഠനത്തില്‍ വ്യക്തമാകുന്നത്.

എസ്ബിഐ ചീഫ് ഇക്കണോമിക് അഡ്വൈസര്‍ ഡോ. സൗമ്യകാന്തി ഘോഷിന്റെ നേതൃത്വത്തിലാണു പഠനം നടത്തിയത്. ശരാശരി എണ്ണവില ബാരലിന് 75 ഡോളറും, ഡോളര്‍വില 72 രൂപയുമാണെന്നു കണക്കാക്കിയാണു തുക നിര്‍ണയിച്ചത്.

39.12% വാറ്റ് ഉള്ള മഹാരാഷ്ട്രയ്ക്കാണു കൂടുതല്‍ വില കുറയ്ക്കാനാകുന്നത്. കേരളത്തിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 908 കോടിയുടെ അധിക വരുമാനമാണു വിലക്കയറ്റം കൊണ്ടുണ്ടാവുകയെന്നാണു കണക്ക്. ഇതനുസരിച്ചു പെട്രോള്‍ വിലയില്‍ 3.3 രൂപയും ഡീസല്‍ വിലയില്‍ 2.6 രൂപയും കുറയ്ക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top